ദോഹ: ഫിഡെ ലോക റാപിഡ് ചെസ് ചാംപ്യന്‍ഷിപ്പില്‍ നോര്‍വെയുടെ മാഗ്നസ് കാള്‍സന് കിരീടം. കരിയറില്‍ ആറാം തവണയാണ് കാള്‍സന്‍ കിരീടം സ്വന്തമാക്കുന്നത്. ഇന്ത്യയുടെ അര്‍ജുന്‍ എരിഗൈസിയ്ക്കാണ് പുരുഷ വിഭാഗത്തില്‍ വെങ്കലം. താരത്തിനു 9.5 പോയിന്റ്. വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ കൊനേരു ഹംപിയും വെങ്കലം നേടി.
10.5 പോയിന്റുകള്‍ നേടിയാണ് കാള്‍സന്‍ കിരീടം ഉറപ്പിച്ചത്. നേരത്തെ 2014, 15, 19, 22, 23 വര്‍ഷങ്ങളിലാണ് കാള്‍സന്റെ കിരീട നേട്ടം. മൂന്ന് തുടര്‍ ജയങ്ങളുമായാണ് താരം അവസാന പോരാട്ടത്തിനിറങ്ങിയത്. അവസാന റൗണ്ടില്‍ അനിഷ് ഗിരിയുമായുള്ള മത്സരം സമനിലയില്‍ അവസാനിച്ചതോടെ കിരീടമുറപ്പിച്ചു.
നേരിയ വ്യത്യാസത്തിലാണ് വനിതാ വിഭാഗത്തില്‍ ഹംപിയ്ക്കു മൂന്നാം കിരീടം നഷ്ടമായത്. അലക്‌സാന്ദ്ര ഗൊര്യാച്കിന, സു ജിനര്‍ എന്നിവരാണ് സ്വര്‍ണം, വെള്ളി കിരീടങ്ങള്‍ നേടിയത്. മൂന്ന് പേര്‍ക്കും 8.5 പോയിന്റായിരുന്നു. ടൈ ബ്രേക്കറില്‍ ഇരുവര്‍ക്കും ഹംപിയേക്കാള്‍ പോയിന്റ് വന്നതോടെയാണ് ഇന്ത്യന്‍ താരം മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.
ടൂര്‍ണമെന്റില്‍ കളിച്ച മലയാളി താരം നിഹാല്‍ സരിന്‍ 19ാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. താരം 8.5 പോയിന്റുകള്‍ നേടി. ക്ലാസിക്ക് ലോക ചാംപ്യന്‍ ഡി ഗുകേഷ് ഇതേ പോയിന്റുമായി 20ാം സ്ഥാനത്തും ആര്‍ പ്രഗ്നാനന്ദ 27ാം സ്ഥാനത്തും ഫിനിഷ് ചെയ്തു.




















