ന്യൂഡല്‍ഹി : നീറ്റ് അടക്കമുള്ള പരീക്ഷാ ക്രമക്കേടുകളില്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ( സിജെപി) നേതൃത്വത്തിലുള്ള സമരം തുടരുന്നു. ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള സിജെപി സമരം 34-ാം ദിവസത്തിലേക്ക് കടന്നു. കഴിഞ്ഞദിവസങ്ങളിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിച്ചു. തലസ്ഥാനത്ത് ഇന്നും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സമരക്കാരുമായി വീണ്ടും ചര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ചര്‍ച്ചകള്‍ക്കായി കേന്ദ്രമന്ത്രി ജെ പി നഡ്ഡയുടെ വസതിയിലെത്താനുള്ള നിര്‍ദേശം സിജെപി നേതാക്കള്‍ തള്ളിയിരുന്നു. ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം ഇന്നലെ രാത്രിയിലും സംഘര്‍ഷമുണ്ടായി. സന്‍സദ് മാര്‍ഗിലാണ് സംഘര്‍ഷം ഉടലെടുത്തത്. പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി. ലാത്തി വീശിയ പൊലീസ്, വിദ്യാര്‍ഥികള്‍ക്ക് നേരെ കണ്ണീര്‍വാതകവും പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി സെന്‍ട്രല്‍ ഡല്‍ഹിയുടെ ചില ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ ചില മെട്രോ സ്റ്റേഷന്‍ കവാടങ്ങള്‍ അടയ്ക്കുകയും പ്രദേശം കനത്ത സുരക്ഷാ വലയത്തിലാക്കുകയും ചെയ്തിരുന്നു. നിയന്ത്രണം കടുപ്പിക്കുമ്പോഴും ജന്തര്‍ മന്തറിലെ സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നൂറുകണക്കിന് യുവാക്കളാണ് സമരവേദിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. സിജെപി സമരത്തിന് രാജ്യത്തിനകത്തും പിന്തുണയേറുകയാണ്.
രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ ഇന്ന് പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും. പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കില്ലെന്ന് ഉറപ്പു നൽകിയാൽ നിരാഹാരം അവസാനിപ്പിക്കാമെന്നാണ് സോനം വാങ്ചുക് അറിയിച്ചിട്ടുള്ളത്. ചോദ്യപേപ്പർ ചോർച്ചയും , യുവാക്കൾക്കെതിരായ പൊലീസ് നടപടിയിലും പ്രതിഷേധം ശക്തമായി തുടരാനാണ് കോൺഗ്രസ് തീരുമാനം. പാർലമെന്റ് കവാടത്തിലും പാർലമെന്റിന് ഉള്ളിലും കോൺഗ്രസ് പ്രതിഷേധിക്കും. ലോക്സഭയിലും രാജ്യസഭയിലും വിദ്യാർഥി പ്രക്ഷോഭവും നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയും ഉന്നയിക്കും. പാർലമെൻ്റിൻ്റെ സുഗമമായ നടത്തിപ്പിനുള്ള ചില അനുനയ ശ്രമങ്ങൾ സ്പീക്കറുടെ ഭാഗത്തു നിന്നും ഉണ്ടായേക്കും.

















