എം ആര്‍ അജിത് കുമാറിന് ക്ലീന്‍ ചിറ്റ്?; പി വി അന്‍വറിന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് വിജിലന്‍സ്

Dec 22, 2024

തിരുവനന്തപുരം: ആരോപണങ്ങളില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ് എന്ന് റിപ്പോര്‍ട്ട്. പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. സ്വര്‍ണക്കടത്ത് കേസില്‍ പി വി അന്‍വറിന് തെളിവ് ഹാജരാക്കാനായില്ലെന്നും, വിജിലന്‍സ് അന്വേഷണത്തില്‍ ഒന്നും കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവന്‍കോണത്തെ ഫ്‌ലാറ്റ് വില്‍പ്പന, മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫിസിലെ മരംമുറി തുടങ്ങിയ ആരോപണങ്ങളിലാണ് അജിത് കുമാറിനെതിരെ അന്വേഷണം നടന്നത്. കവടിയാറിലെ ആഢംബര വീട് നിര്‍മാണത്തിനായി എസ്ബിഐയില്‍ നിന്ന് ഒന്നരക്കോടി വായ്പ എടുത്തിട്ടുണ്ട്. ഇതിന്റെ ബാങ്ക് രേഖകള്‍ ഹാജരാക്കി. വീട് നിര്‍മാണം യഥാസമയം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. സ്വത്ത് വിവര പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കുറവൻകോണത്ത് ഫ്ലാറ്റ് വാങ്ങി പത്ത് ദിവസത്തിനുള്ളിൽ ഇരട്ടിവിലക്ക് മറിച്ചു വിറ്റു എന്നും ഇതുവഴി കള്ളപ്പണം വെളുപ്പിച്ചുവെന്നുമുള്ള ആരോപണം ശരിയല്ലെന്നാണ് വിജിലൻസിന്റെ റിപ്പോർട്ടിലുള്ളത്. 8 വര്‍ഷം കൊണ്ടുണ്ടായ മൂല്യവര്‍ധനയാണ് വിലയിൽ ഉണ്ടായത്. സർക്കാരിനെ അറിയിക്കുന്നത് അടക്കം എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

എം ആർ അജിത് കുമാറിനെ സ്വർണക്കടത്തുമായി ബന്ധിപ്പിക്കുന്ന ഒരു തെളിവും കണ്ടെത്താനായിട്ടില്ല. മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫീസിലെ മരംമുറിയിലും അജിത് കുമാറിനെ ബന്ധിപ്പിക്കുന്ന ഒന്നും തന്നെ കണ്ടെത്താനായിട്ടില്ലെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നതായാണ് വിവരം. അന്തിമ റിപ്പോർട്ട് ഉടൻ ഡിജിപിക്ക് കൈമാറും. പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഡിജി പി നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്.

അതേസമയം എം ആർ അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയുള്ള വിജിലൻസ് റിപ്പോർട്ടിനെതിരെ കോടതിയെ സമീപിക്കുമെന്ന് പി വി അൻവർ പ്രതികരിച്ചു. വിജിലൻസ് റിപ്പോർട്ട് ഇങ്ങനെ ആകുമെന്ന് പ്രതീക്ഷിച്ചിരുന്നു. അന്വേഷണ സംഘത്തിന് കൃത്യമായ തെളിവുകൾ നൽകിയിരുന്നു. റിപ്പോർട്ട് തയ്യാറാക്കിയ ഉദ്യോ​ഗസ്ഥർക്കെതിരെ കോടതിയെ സമീപിക്കുമെന്നും പി വി അൻവർ പറഞ്ഞു. വിജിലൻസ് അന്വേഷണം പ്രഹസനമാണെന്ന് പ്രതിപക്ഷവും ആരോപിച്ചിരുന്നു. അന്വേഷണം നടക്കുന്നതിനിടെ, എം ആർ അജിത് കുമാറിനെ ഡിജിപിയാക്കാനുള്ള ശുപാർശ മന്ത്രിസഭായോ​ഗം അം​ഗീകരിച്ചിരുന്നു.

LATEST NEWS