മുഖ്യമന്ത്രിയുടെ വകുപ്പിന്റെ പേരിലും തട്ടിപ്പ്, നോര്‍ക്ക റൂട്ട്‌സില്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ചുലക്ഷം വാങ്ങി; അഖില്‍ സജീവിനെതിരെ കൂടുതല്‍ പരാതി

Sep 28, 2023

കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെതിരെ ഉയര്‍ന്ന ജോലി തട്ടിപ്പ് പരാതിയില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്ന് പരാതിക്കാരന്‍ പറഞ്ഞ അഖില്‍ സജീവിനെതിരെ കൂടുതല്‍ പരാതി. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പായ നോര്‍ക്ക റൂട്ട്‌സില്‍ ജോലി വാഗ്ദാനം ചെയ്ത് പത്തനംതിട്ടയിലെ സിഐടിയു മുന്‍ ഓഫീസ് സെക്രട്ടറി കൂടിയായിരുന്ന അഖില്‍ സജീവ് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തതായി അഭിഭാഷകനായ ശ്രീകാന്ത് ആരോപിച്ചു. പരാതി നല്‍കിയതോടെ സിപിഎം ഇടപെട്ട് പണം തിരികെ നല്‍കിയെന്നും തന്റെ പരാതിയെ തുടര്‍ന്നാണ് അഖിലിനെതിരെ സിപിഎം നടപടി എടുത്തതെന്നും ശ്രീകാന്ത് വ്യക്തമാക്കി. നോര്‍ക്ക റൂട്ട്‌സില്‍ ഭാര്യയ്ക്ക് ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞാണ് അഖില്‍ പണം വാങ്ങിയതെന്നും ശ്രീകാന്ത് മാധ്യമങ്ങളോട് പറഞ്ഞു.

‘2020ലാണ് കോഴിക്കോട് പ്രാക്ടീസ് ചെയ്യുന്ന എന്റെ സുഹൃത്ത് എന്നെ കോണ്‍ടാക്ട് ചെയ്യുന്നത്. ഓഫീസില്‍ വന്നപ്പോള്‍ എന്നോട് പറഞ്ഞു നോര്‍ക്ക റൂട്ട്‌സില്‍ ഒഴിവുണ്ട് എന്ന്. ക്ലര്‍ക്ക് ആയിട്ടാണ് ഒഴിവ്. പത്തുലക്ഷം രൂപ കൊടുക്കണമെന്ന് പറഞ്ഞു. ഞാന്‍ ആയിക്കോട്ടെ എന്ന് പറഞ്ഞു. ഞാന്‍ എന്റെ ഭാര്യയ്ക്ക് ഒരു ജോലി നോക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് പത്തുലക്ഷം രൂപ നല്‍കാന്‍ തയ്യാറാണ് എന്ന് പറഞ്ഞു. അഞ്ചുലക്ഷം രൂപ ഉടന്‍ കൈമാറണമെന്ന് പറഞ്ഞു. 2020 ഡിസംബറോടെ, മൂന്ന് മാസത്തിനകം നിയമനം ആകുമെന്നും പറഞ്ഞു. അപ്പോള്‍ അഞ്ചുലക്ഷം രൂപ നല്‍കിയാല്‍ മതിയെന്നാണ് പറഞ്ഞത്.
2020 സെപ്റ്റംബറിലാണ് അഞ്ചുലക്ഷം രൂപ കൊടുക്കുന്നത്. ഒരു ലക്ഷം രൂപ ജിക്കു ജേക്കബ് എന്ന വ്യക്തിയുടെ അക്കൗണ്ടിലേക്കും. ബാക്കി അഖില്‍ സജീവിന്റെ അക്കൗണ്ടിലേക്കുമാണ് കൈമാറിയത്. അഖില്‍ സജീവാണ് രണ്ടാമത്തെ തവണ കോണ്‍ടാക്ട് ചെയ്തത്.സിഐടിയുവിന്റെ ജില്ലാ ഓഫീസ് സെക്രട്ടറി ആണ് എന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയത്. എനിക്ക് നിങ്ങളെ പറ്റിക്കേണ്ട ആവശ്യമില്ല. എന്നെ വിശ്വസിച്ച് തന്നാല്‍ മതിയെന്നും അഖില്‍ സജീവ് പറഞ്ഞ് ഈ വിഷയത്തില്‍ ഇടപെട്ടത്.’- ശ്രീകാന്ത് ആരോപിച്ചു.

‘ജനുവരിയായിട്ടും നിയമനം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് തിരക്കി. അപ്പോള്‍ 25000 രൂപ നല്‍കാന്‍ വൈകിയെന്നും അതിനാല്‍ മൂന്നാമത്തെ ലിസ്റ്റിലായിപ്പോയെന്നും പറഞ്ഞു. അപ്പോഴാണ് ഇത് തട്ടിപ്പാണെന്ന് മനസിലായത്. അന്ന് പിന്‍വാതില്‍ നിയമനം കാര്യമായി നടക്കുന്ന സമയമായിരുന്നു. അതുകൊണ്ടാണ് ജോലി വാഗ്ദാനം ചെയ്തപ്പോള്‍ വിശ്വസിച്ചത്. പത്തനംതിട്ടയിലെ ജിക്കു ജേക്കബ് വഴിയാണ് അഖില്‍ സജീവിനെ ആദ്യമായി ബന്ധപ്പെടുന്നത്. 2022 നവംബറില്‍ അഖിലിനെ വിളിച്ച് നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയണമെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ പത്തനംതിട്ടയില്‍ വരുന്നുണ്ട് എന്നും പറഞ്ഞു. ആയിക്കോട്ടെ. പത്തനംതിട്ടയില്‍ വന്നാല്‍ എല്ലാ സൗകര്യവും ഏര്‍പ്പാടാക്കി തരാമെന്ന് അഖില്‍ സജീവ് ഉറപ്പുനല്‍കി. എനിക്കും എന്റെ കൂട്ടുകാരനും ഹോട്ടല്‍ മുറി ബുക്ക് ചെയ്തു തന്നതെല്ലാം അഖില്‍ ആണ്. അന്ന് ഹോട്ടലില്‍ വച്ച് ഒരു പ്രാദേശിക നേതാവിനെയും കണ്ടു. ഈ നേതാവിനാണ് പണം മുഴുവന്‍ കൈമാറിയത് എന്നാണ് അഖില്‍ പറഞ്ഞിരുന്നത്. നോര്‍ക്ക റൂട്ട്‌സിലും മന്ത്രിമാരുമായും പ്രാദേശിക നേതാവിന് നല്ല ബന്ധമാണ് എന്നാണ് പറഞ്ഞത്. ഒന്നു രണ്ടു തവണ പൈസയുടെ കാര്യം ചോദിച്ചപ്പോള്‍ പ്രാദേശിക നേതാവ് ഒഴിഞ്ഞുമാറി. ഹോട്ടലില്‍ വച്ച് ഞാന്‍ തന്നെയാണ് പണം കൈപ്പറ്റിയതെന്ന് പ്രാദേശിക നേതാവ് പറഞ്ഞു. എന്റെ ഭാര്യയ്ക്ക് വന്ന ജോലി ഓഫറാണ്. പ്രായം കഴിഞ്ഞതിനാല്‍ ജോലി പുറത്ത് കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും പ്രാദേശിക നേതാവ് പറഞ്ഞു. അതിനാണ് പത്തുലക്ഷം രൂപ. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അടക്കം നിരവധിപ്പേര്‍ക്ക് പൈസ കൊടുക്കാനുണ്ട്. ബാങ്ക് ട്രാന്‍സ്ഫര്‍ വഴിയാണ് പണം നല്‍കിയത്. ഇവരുമായി ഫോണ്‍ ചെയ്തതിന്റെ കോള്‍ റെക്കോര്‍ഡുകളും വാട്‌സ്ആപ്പ് ചാറ്റുകളും തെളിവായി കൈയില്‍ ഉണ്ട്.’- ശ്രീകാന്ത് പറഞ്ഞു.

‘കബളിപ്പിക്കല്ലാണ് എന്ന് മനസിലായപ്പോള്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ടു. പാര്‍ട്ടി ഇടപെട്ട് പണം തിരികെ വാങ്ങി നല്‍കി. അഖിലിനെ ഫോണില്‍ വിളിച്ച് പണം നല്‍കാന്‍ പാര്‍ട്ടി ആവശ്യപ്പെടുകയായിരുന്നു. തന്റെ പരാതിയിലാണെന്ന് തോന്നുന്നു പത്തനംതിട്ട സിഐടിയു ജില്ലാ ഓഫീസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് അഖിലിനെ മാറ്റിയത്. 2022 ഡിസംബറോടെയാണ് പണം മുഴുവന്‍ അഖില്‍ തിരികെ നല്‍കിയത്. ഇനി പരാതിയുമായി മുന്നോട്ടുപോകരുതെന്നും അഖില്‍ പറഞ്ഞു. എനിക്ക് ഭാര്യയും കുട്ടിയും മാത്രമാണ് ഉള്ളത് എന്നാണ് അഖില്‍ പറഞ്ഞത്. കൂട്ടത്തോടെ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞതോടെ ഞാന്‍ തത്കാലം നിര്‍ത്തുകയായിരുന്നു. ഒരു ചെറുപ്പക്കാരന്റെ സ്ഥിതിയല്ലേ എന്ന കാര്യവും ചിന്തിച്ച് വെറുതെ വിടുകയായിരുന്നു.’- ശ്രീകാന്ത് വ്യക്തമാക്കി. എന്നാല്‍ കഴിഞ്ഞ ദിവസം നിയമനവുമായി ബന്ധപ്പെട്ട് തട്ടിപ്പുകള്‍ പുറത്തുവന്നപ്പോഴാണ് ആരും ഇനി തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ പ്രതികരിക്കാന്‍ തീരുമാനിച്ചതെന്നും ശ്രീകാന്ത് മാധ്യമങ്ങളോട് പറഞ്ഞു.

LATEST NEWS
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവുനായ കടിച്ചു; മൂന്നരവയസുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവുനായ കടിച്ചു; മൂന്നരവയസുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൃശൂര്‍: വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന മൂന്നരവയസുകാരന് തെരുവുനായുടെ ആക്രമണത്തില്‍ പരിക്ക്....