തിരുവനന്തപുരം: സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ശ്രീചിത്ര പുവര്‍ ഹോമിലെ മൂന്നു പെണ്‍കുട്ടികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. 16, 15, 12 വയസുള്ള കുട്ടികളാണ് ആത്മഹത്യക്ക് ശ്രമിച്ചത്. അമിതമായി ഗുളിക കഴിച്ചായിരുന്നു ആത്മഹത്യ ശ്രമം. രണ്ടുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാളെ എസ്എടി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണ് കുട്ടികള്‍ അമിതമായി ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മുതിര്‍ന്ന കുട്ടികള്‍ കളിയാക്കിയത് സഹിക്കവയ്യാതെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് കുട്ടികള്‍ പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടികളുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നാണ് വിവരം.
രണ്ടാഴ്ച മുമ്പാണ് ഈ മൂന്ന് കുട്ടികളും ശ്രീചിത്ര ഹോമില്‍ എത്തിയത്. ഇവിടെയെത്തിയ ദിവസം മുതല്‍ വീട്ടില്‍ പോകണമെന്ന് പെണ്‍കുട്ടികള്‍ വാശിപിടിച്ചിരുന്നു. സംഭവത്തില്‍ വഞ്ചിയൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.