പത്തനംതിട്ട: പെട്രോൾ പമ്പിൽ ശുചുമുറി തുറന്നു നൽകാത്തതിന് പമ്പ് ഉടമക്കെതിരെ 1,65,000 രൂപ പിഴ വിധിച്ച് ഉപഭോക്തൃ തർക്കപരിഹാര കോടതി. ഏഴകുളം സ്വദേശിനിയും അധ്യാപികയുമായ ജയകുമാരിയുടെ പരാതിയിലാണ് നടപടി. കോഴിക്കോട് പയ്യോളിയിലുളള തെനംകാലില്‍ പെട്രോള്‍ പമ്പ് ഉടമ ഫാത്തിമ ഹന്നയ്ക്കെതിരെയാണ് കമ്മീഷൻ ഉത്തരവിട്ടത്.
2024 മെയ് 8 നാണ് സംഭവം. പരാതിക്കാരി കാസര്‍കോട് നിന്ന് വരവെ രാത്രി 11 മണിക്ക് പെട്രോള്‍ പമ്പില്‍ കയറി വാഹനത്തിൽ പെട്രോള്‍ അടിച്ച ശേഷം ശുചിമുറിയിൽ പോയി. എന്നാൽ ശുചിമുറി പൂട്ടിക്കിടക്കുകയായിരുന്നു. പമ്പിലെ ജീവനക്കാരോട് താക്കോൽ ആവശ്യപ്പെട്ടപ്പോള്‍ പരുഷമായി സംസാരിക്കുകയും താക്കോൽ മാനേജരുടെ കൈവശമാണെന്നും അദ്ദേഹം വീട്ടില്‍ പോയിരിക്കുകയാണെന്നും അറിയിച്ചു. മാത്രമല്ല ശുചിമുറി ഉപയോഗശൂന്യമാണെന്ന് പറഞ്ഞ് തുറന്നു കൊടുക്കാൻ തയ്യാറായില്ല. അധ്യാപിക പയ്യോളി സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഒടുവിൽ ടോയ്ലറ്റ് തുറന്ന് കൊടുക്കുകയായിരുന്നു. ശുചിമുറി ഉപയോഗുശുന്യമാണെന്ന് ജീവനക്കാർ പറഞ്ഞെങ്കിലും പൊലീസ് തുറന്നപ്പോൾ ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലായിരുന്നു.
പിന്നാലെ, സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെ അപമാനിക്കുകയും ശുചിമുറി തുറന്നു നല്‍കാന്‍ തയ്യാറാകാതെ തന്റെ അവകാശം നിഷേധിക്കുകയും ചെയ്തതിനെതിരെ അധ്യാപിക ഉപഭോക്തൃ കമ്മീഷനില്‍ പരാതി നൽകിയത്. പെട്രോള്‍ പമ്പ് അനുവദിക്കുമ്പോള്‍ ശുചിമുറി സൗകര്യങ്ങൾ ആവശ്യമാണെന്നിരിക്കെ അതൊന്നും ഇല്ലാതെയാണ് പെട്രോള്‍ പമ്പ് പ്രവര്‍ത്തിച്ചു വരുന്നതെന്ന് കമ്മീഷന്‍ വിലയിരുത്തി. ഒരു സ്ത്രീക്ക് രാത്രി 11 മണിക്കുണ്ടായ അനുഭവം മാനസികമായി ഒരുപാട് ബുദ്ധിമുട്ടുണ്ടായതിന്റെ അടിസ്ഥാനത്തില്‍ 1,50,000 രൂപ പമ്പ് ഉടമ നഷ്ടപരിഹാരം നല്‍കാനും കോടതി ചിലവിലേക്കായി 15,000 രൂപയും ചേര്‍ത്ത് 1,65,000 രൂപ പരാതിക്കാരിക്ക് നൽകണമെന്നും കമ്മീഷന്‍ ഉത്തരവിടുകയായിരുന്നു.