തിരുവനന്തപുരം: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചു വരുന്ന ജില്ലാ ഫാമിലി കോൺഫറൻസുകളുടെ ഭാഗമായി “വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം” എന്ന പ്രമേയത്തിൽ തിരുവനന്തപുരം ജില്ലാ ഫാമിലി കോൺഫറൻസ് മെയ് 26ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ നടക്കും.
സ്വതന്ത്രതാവാദം, മതവിരുദ്ധത, ലഹരി, ലൈംഗികാതിക്രമങ്ങൾ, മാതാപിതാക്കളുടെ ഒറ്റപ്പെടൽ, കുടുംബ ശൈഥില്യം തുടങ്ങിയ ഒട്ടനവധി പ്രശ്നങ്ങൾ സമാധാനത്തിൻ്റെ വിളനിലമായി മാറേണ്ട കുടുംബകങ്ങളിൽ കയറി വരുകയാണ്. ഇത്തരം പ്രശ്നങ്ങളുടെ പരിഹാരം തേടലാണ് ഫാമിലി കോൺഫറൻസ് ലക്ഷ്യമാക്കുന്നതെന്ന് വിസ്‌ഡം ജില്ലാ ഭാരവാഹികൾ പറഞ്ഞു.
ജില്ലാ ഫാമിലി കോൺഫറൻസിന് മുന്നോടിയായി മണ്ഡലം പ്രചാരണ സംഗമങ്ങൾ, ശാഖാ സംഗമങ്ങൾ, പ്രമേയ സമ്മേളനങ്ങൾ, ഏരിയ മീറ്റുകൾ, സിമ്പോസിയങ്ങൾ, ചർച്ചാ സദസ്സുകൾ, കുടുംബ സംഗമങ്ങൾ, അയൽക്കൂട്ടങ്ങൾ, പോസ്റ്റർ പ്രദർശനം, വിദ്യാർഥി സംഗമങ്ങൾ, യുവജന സംഗമങ്ങൾ, വാഹന പ്രചരണം തുടങ്ങിയവ ഉണ്ടാകും. ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള ആയിരത്തിലധികം കുടുംബങ്ങൾ ഫാമിലി കോൺഫറൻസിന്റെ ഭാഗമാകും. രാഷ്ട്രീയ സാമൂഹിക മത രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ സമ്മേളനത്തിൽ സംഗമിക്കുമെന്ന് വിസ്‌ഡം ജില്ലാ പ്രസിഡന്റ് നസീർ ഷഹീൽ, സെക്രട്ടറി നസീർ മുള്ളിക്കാട് എന്നിവർ അറിയിച്ചു.


















