ചെന്നൈ: തമിഴ്‌നാട് തിരുവള്ളൂരില്‍ വീട്ടില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ ചുട്ടുകൊന്നു. തിരുവള്ളൂര്‍ സെങ്കം സ്വദേശികളായ ശക്തിവേല്‍, ഭാര്യ അമൃതം എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം സ്ഥലത്തുനിന്നു രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
പാട്ടത്തിനായെടുത്ത മൂന്നേക്കര്‍ കൃഷി ഭുമിയോട് ചേര്‍ന്ന ഷെഡിലായിരുന്നു ശക്തിവേലും ഭാര്യയും ഉറങ്ങിയത്. പുലര്‍ച്ചെയോടെ, വീട് കത്തുന്നത് കണ്ട നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. തീ അണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഷെഡില്‍ നിന്ന് ഇരുവരുടെയും കത്തിക്കരിഞ്ഞ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
വീട് പുറത്തുനിന്നു പൂട്ടിയശേഷം, തീയിടുകയായിരുന്നുവെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. ശക്തിവേലും അമൃതവുമായി ബന്ധപ്പെട്ട ആളുകളെ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം. ശക്തിവേലിന്റെ രണ്ടാം ഭാര്യയാണ് അമൃതം. ശക്തിവേലിന്റെ ആദ്യഭാര്യയും മക്കളും ബെംഗളൂരുവിലാണ്. അമൃതം ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുന്ന ആളാണ്. മാസങ്ങള്‍ക്ക് മുന്‍പാണ് ശക്തിവേലിനൊപ്പം താമസം തുടങ്ങിയത്.

















