അമേരിക്കയുള്‍പ്പെടെ ഇരുപത്തിമൂന്നു രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ച് കോവിഡിന്റെ പുതിയ വകഭേദം. സിക്കഡ എന്നു വിളിപ്പേരുള്ള ഒമിക്രോണ്‍ ഉപവിഭാഗമായ BA.3.2 അമേരിക്കയില്‍ മാത്രം 29 സ്‌റ്റേറ്റുകളിലാണു റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരിക്കുന്നത്. യൂറോപ്പിലും ഏഷ്യന്‍ രാജ്യങ്ങളിലും സിക്കാഡ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഭയപ്പെടേണ്ടതില്ലെന്നും രോഗവ്യാപനം നിയന്ത്രണവിധേയമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
2024ന്റെ അവസാനത്തോടെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കണ്ടെത്തിയ സിക്കഡയെന്ന പുതിയ വകഭേദത്തിന്റെ രോഗവ്യാപനം ആദ്യമായി റിപ്പോര്‍ട്ടു ചെയ്യുന്നത് 2025 സെപ്റ്റംബറിലാണ്. സ്‌പൈക്ക് പ്രോട്ടീനിലെ BA.3.2 മ്യൂട്ടേഷനുകള്‍ക്കു ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനങ്ങളെ എളുപ്പം മറികടക്കാന്‍ സാധിക്കുമെന്നതിനാല്‍ കൂടുതല്‍ ആളുകളിലേക്കു പടര്‍ന്നുപിടിക്കാനാകും. നിരവധി വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും മരണകാരണമാകും വിധം മാരകമല്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
എന്താണ് സിക്കഡ?
നിലവില്‍ ലോകാരോഗ്യ സംഘടനയുടെയും യുഎസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെയും നിരീക്ഷണത്തിലുള്ള പുതിയ കോവിഡ് വകഭേദമാണ് സിക്കഡ. 70 മുതല്‍ 75 വരെ ജനിതക മാറ്റങ്ങള്‍ സംഭവിച്ചിട്ടുള്ള പുതിയ വകഭേദത്തിനു മാരകമായ പുതിയ രോഗങ്ങളുണ്ടാക്കാനാകുമോ എന്നു കണ്ടെത്തിയിട്ടില്ല. വര്‍ഷങ്ങള്‍കൊണ്ടു നിശബ്ദമായി പരിണമിച്ചും പിന്നീടു വളരെപ്പെട്ടന്ന് പടര്‍ന്നുപിടിച്ചതിനാലുമാണു പുതിയ വകഭേദത്തിനു സിക്കഡ എന്ന പേരുനല്‍കിയിരിക്കുന്നത്. 2022ന്റെ തുടക്കത്തില്‍ വ്യാപകമായിരുന്ന BA.3 വംശത്തില്‍ നിന്നാണ് ഉത്ഭവം.
എന്തൊക്കെയാണു ലക്ഷണങ്ങള്‍?
ഒമിക്രോണ്‍ വകഭേദത്തോടു സമാനമായ ലക്ഷണങ്ങളാണ് സിക്കഡയിലും പ്രകടമാകുന്നത്. തൊണ്ടവേദന, പനി, ചുമ, ക്ഷീണം, തലവേദന, ശരീരവേദന, മൂക്കടപ്പ്, മൂക്കൊലിപ്പ് എന്നിവയാണു പ്രധാന ലക്ഷണങ്ങള്‍. ചിലരില്‍ ഛര്‍ദി, വയറിളക്കം എന്നവയും രുചിയും മണവും നഷ്ട്മാകുന്നതായും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. വാക്‌സിനേഷന്‍ ഈ വകഭേദത്തിനായി നിര്‍മ്മിക്കപ്പെട്ടതല്ലെങ്കിലും ഗുരുതരമായ രോഗങ്ങളില്‍ നിന്നും മരണത്തില്‍ നിന്നും ശക്തമായ സംരക്ഷണം നല്‍കുമെന്നു ഗവേഷകര്‍ പറയുന്നു.
ഇന്ത്യയിലെ രോഗസാധ്യത
ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടുകളനുസരിച്ചു മുന്‍ വകഭേദങ്ങളായ NB.1.8.1, XFG എന്നിവയുടെ അത്ര ഗുരുതര വ്യാപനം സിക്കഡക്കില്ല. നിലവില്‍ BA.3.2 വുമായി ബന്ധപ്പെട്ട രോഗ്യവ്യാപനം ഇന്ത്യയില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ല. ലോകത്ത് ഇതുവരെയും റിപ്പോര്‍ട്ടു ചെയ്ത കേസുകളില്‍ വൈദ്യസഹായത്തോടെ രോഗമുക്തി ഉണ്ടായിട്ടുണ്ട് എന്നതുകൊണ്ടു തന്നെ ഭയപ്പെടേണ്ടതില്ല എന്നാണു ലോകാരോഗ്യ സംഘടന അറിയിക്കുന്നത്.


















