കോവിഡ് അവലോകന യോഗം ചേർന്നു

Nov 22, 2021

തിരുവനന്തപുരം: ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താനായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസയുടെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റിൽ അവലോകന യോഗം ചേര്‍ന്നു. ജില്ലയിലെ കോവിഡ് സ്ഥിതിഗതി, ശരാശരി കേസുകളുടെ എണ്ണം,പ്രതിദിന കോവിഡ് കേസുകൾ,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എന്നിവയെ സംബന്ധിച്ച് യോഗം വിലയിരുത്തി. സ്‌കൂളുകളുടെ പ്രവര്‍ത്തനം പുനരാരംഭിച്ച സാഹചര്യത്തില്‍ പുതുതായി രൂപപ്പെടുന്ന ക്ലസ്റ്ററുകളെക്കുറിച്ചും യോഗത്തിൽ ചര്‍ച്ച ചെയ്തു.
സ്‌കൂളുകൾ,വൃദ്ധസദനങ്ങൾ, മാനസികാരോഗ്യ കേന്ദ്രങ്ങൾ, ജയില്‍, റസിഡന്‍ഷ്യല്‍ ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും പൂര്‍ണമായി പരിശോധന നടത്തി സമ്പർക്ക പട്ടിക കണ്ടെത്താനും ക്വാറന്റൈന്‍ ഉറപ്പുവരുത്താനും യോഗം തീരുമാനിച്ചു.
ജില്ലയിലെ കോവിഡ് വാക്സിനേഷൻ പ്രവർത്തനങ്ങൾ വിജയകരമായി പുരോഗമിക്കുകയാണ്. വാര്‍ഡ് തലത്തില്‍ രണ്ടാം ഡോസ് വാക്സിൻ എടുക്കാത്തവരെ കണ്ടെത്തി വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കാനും സമ്പൂര്‍ണ വാക്‌സിനേഷന്‍ കൈവരിക്കാനും യോഗം തീരുമാനിച്ചു.

മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവർ ഉറപ്പാക്കണമെന്നും കളക്ടർ നിർദേശിച്ചു. പൊതു ജനങ്ങൾ ഇക്കാര്യങ്ങൾ അനുസരിക്കണമെന്നും കളക്ടര്‍ പറഞ്ഞു.കോവിഡ് മരണ സര്‍ട്ടിഫിക്കറ്റുകള്‍ അതിവേഗം ലഭ്യമാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും ഉദ്യേഗസ്ഥര്‍ക്ക് കളക്ടർ നിര്‍ദേശം നല്‍കി.

പുതുതായി ചുമതലയേറ്റ ജില്ലാ മെഡിക്കല്‍ ഓഫീസർ ഡോ.ജോസ് ഡിക്രൂസിന്റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന ആദ്യ അവലോകന യോഗമായിരുന്നു ഇത്. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍-ഇൻ ചാർജ് പ്രിയ ഐ. നായര്‍, മുന്‍ ഡി.എം.ഒ ഡോ.ഷിനു കെ.എസ്, ഡി.പി.എം ഡോ.ആശാ വിജയന്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

LATEST NEWS
മൂന്ന് ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട്, ആലപ്പുഴയില്‍ അതിതീവ്രമഴയില്ല; വെള്ളിയാഴ്ച വരെ പെരുമഴയ്ക്ക് സാധ്യത

മൂന്ന് ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട്, ആലപ്പുഴയില്‍ അതിതീവ്രമഴയില്ല; വെള്ളിയാഴ്ച വരെ പെരുമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത്...