കേരളത്തില്‍നിന്ന് കേന്ദ്ര കമ്മിറ്റിയിലേക്ക് ആരൊക്കെ?; സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ആകാംക്ഷയേറുന്നു

Apr 4, 2025

മധുര: സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസ് മധുരയില്‍ സമാപിക്കാന്‍ രണ്ടുദിവസം ബാക്കിയിരിക്കെ പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയിലേക്ക് കേരളത്തില്‍ നിന്ന് ആരൊക്കെ എത്തുമെന്നതില്‍ ആകാംക്ഷ തുടരുകയാണ്. സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ തുടര്‍ന്ന് നിലവില്‍ കേന്ദ്ര കമ്മിറ്റിയില്‍ കേരളത്തിന് ഒരു ഒഴിവുണ്ട്. പ്രായപരിധിപ്രകാരം രണ്ടു മുതിര്‍ന്ന നേതാക്കള്‍ – എകെ ബാലനും പികെ ശ്രീമതിയും – കൂടി പദവി ഒഴിയുന്നതോടെ രണ്ട് ഒഴിവുകള്‍ കൂടി വരും.

പികെ ശ്രീമതിക്ക് പകരം കൊല്ലത്തുനിന്നുള്ള മുതിര്‍ന്ന നേതാവായ ജെ മേഴ്സിക്കുട്ടിയമ്മ, തിരുവനന്തപുരത്തു നിന്നുള്ള ടിഎന്‍ സീമ എന്നീ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. ന്യൂനപക്ഷ പ്രാതിനിധ്യം കണക്കിലെടുക്കുകയാണെങ്കില്‍ മലബാര്‍ മേഖലയില്‍ നിന്നുള്ള വനിതാ നേതാവ് പികെ സൈനബയും പരിഗണിക്കപ്പെടാന്‍ സാധ്യതയുണ്ട്.

മേഴ്സിക്കുട്ടിയമ്മ സംസ്ഥാന സെക്രട്ടേറിയറ്റില്‍ വരുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും ഇത്തവണയും പരിഗണിക്കപ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് മേഴ്സിക്കൂട്ടിയമ്മയുടെയും സീമയുടെയും പേരുകള്‍ കേന്ദ്ര കമ്മിറ്റിയിലേക്ക് പരിഗണിക്കപ്പെടുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

മറ്റു രണ്ട് ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടുന്ന പേരുകളില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും മന്ത്രിമാരുമായ വിഎന്‍ വാസവന്‍, മുഹമ്മദ് റിയാസ് എന്നിവര്‍ ഉള്‍പ്പെടുന്നു. 2022ല്‍ എറണാകുളത്ത് നടന്ന കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് ഇവര്‍ രണ്ടുപേരും സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെട്ടത്. സെക്രട്ടേറിയറ്റ് അംഗങ്ങള്‍ ആയിരിക്കവേയാണ് കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ മന്ത്രിമാരായ കെഎന്‍ ബാലഗോപാലും പി രാജീവും കേന്ദ്ര കമ്മിറ്റിയില്‍ ഇടം പിടിച്ചത്.

സംസ്ഥാനത്ത് നിന്നുള്ള മുതിര്‍ന്ന നേതാവും എല്‍ഡിഎഫ് കണ്‍വീനറും മുന്‍മന്ത്രിയുമായ ടിപി രാമകൃഷ്ണന്‍ കേന്ദ്ര കമ്മിറ്റിയിലെത്താന്‍ സാധ്യത കൂടുതലാണ്. ഈ മാസം 75 വയസ്സ് തികയുന്ന ടി പി രാമകൃഷ്ണനെയും ഇ പി ജയരാജനെയും കഴിഞ്ഞമാസം കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റിയില്‍ നിലനിര്‍ത്തിയിരുന്നു. ഇതോടെയാണ് രാമകൃഷ്ണന് കേന്ദ്ര കമ്മിറ്റിയിലേക്ക് എത്താനുള്ള സാധ്യത തുറന്നത്.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുന്‍ എംപിയുമായ പികെ ബിജു, മന്ത്രി എം ബി രാജേഷ്, സെക്രട്ടേറിയറ്റ് അംഗവും മുന്‍ എംഎല്‍എയുമായ എം സ്വരാജ്, മുന്‍ എംപിയും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ കെ രാഗേഷ് എന്നിവര്‍ കേന്ദ്ര കമ്മിറ്റിയിലേക്ക് സജീവ പരിഗണനയിലുണ്ട്. ഇവരില്‍ എംബി രാജേഷ് സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ മാസം നടന്ന സംസ്ഥാന സമ്മേളനം അദ്ദേഹത്തെ പരിഗണിച്ചില്ല.

നിലവില്‍ കേന്ദ്ര കമ്മിറ്റിയിലേക്ക് കേരളത്തില്‍നിന്ന് ഈ മൂന്ന് ഒഴിവുകളാണ് ഉള്ളതെങ്കിലും കേരള ഘടകത്തിന്റെ പ്രാധാന്യവും അംഗത്വ ബലവും കണക്കിലെടുത്ത് കേരളത്തില്‍ നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും സാധ്യതയുണ്ട്. അങ്ങനെയാണെങ്കില്‍ കൂടുതല്‍ നേതാക്കള്‍ക്ക് കേന്ദ്ര കമ്മിറ്റിയില്‍ പ്രാതിനിധ്യം ലഭിക്കും. ഈ മാസം 74 വയസ്സു തികയുന്നതുകൊണ്ട് മുതിര്‍ന്ന നേതാവായ ഇ പി ജയരാജന്‍ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കപ്പെടുമോ എന്നതും കാണേണ്ടതുണ്ട്.

പൊളിറ്റ് ബ്യൂറോയില്‍ നിലവില്‍ കേരള ഘടകത്തിന് നാല് അംഗങ്ങളുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍, എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, എ വിജയരാഘവന്‍. ഇവരില്‍ വിജയരാഘവന്‍ കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ആണ് പൊളിറ്റ് ബ്യൂറോയില്‍ എത്തുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം കോടിയേരിയുടെ മരണത്തെ തുടര്‍ന്നാണ് എം വി ഗോവിന്ദന്‍ പിബിയില്‍ ഇടം പിടിച്ചത്.

നാലുപേരില്‍ പ്രായപരിധി മാനദണ്ഡം ബാധകമാകുന്നത് മുഖ്യമന്ത്രിക്ക് മാത്രമാണ്. എന്നാല്‍ പിണറായിക്ക് ഇളവ് നല്‍കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഈ സാഹചര്യത്തില്‍ പൊളിറ്റ് ബ്യൂറോയില്‍ കേരള ഘടകത്തിന് നിലവില്‍ ഒഴിവുകള്‍ ഒന്നുമില്ല. എന്നാല്‍ അംഗത്വബലത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ പ്രാതിനിധ്യം വര്‍ദ്ധിക്കുകയാണെങ്കില്‍ മുതിര്‍ന്ന നേതാക്കളായ ഇ പി ജയരാജന്‍, കെ രാധാകൃഷ്ണന്‍, തോമസ് ഐസക് എന്നിവരില്‍ ഒരാള്‍ പരിഗണിക്കപ്പെടാന്‍ സാധ്യതയുണ്ട്. അതുപോലെ പൊളിറ്റ് ബ്യൂറോയില്‍ നിന്ന് രണ്ട് വനിതാ അംഗങ്ങള്‍ – വൃന്ദാ കാരാട്ട്, സുഭാഷിണി അലി – പ്രായപരിധി മാനദണ്ഡപ്രകാരം പുറത്താകുകയാണെങ്കില്‍, പകരം പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള വനിതാ നേതാക്കള്‍ക്കിടയില്‍ കെകെ ശൈലജയുമുണ്ട്.

മലയാളികള്‍ ആണെങ്കിലും പാര്‍ട്ടി സെന്ററില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ചില നേതാക്കളും പൊളിറ്റ് ബ്യൂറോയിലേക്ക് പരിഗണിക്കപ്പെടുന്നവില്‍ ഉള്‍പ്പെടുന്നു. മുതിര്‍ന്ന കര്‍ഷക നേതാവായ വിജു കൃഷ്ണന്‍ പൊളിറ്റ് ബ്യൂറോയില്‍ എത്തുമെന്ന് ശക്തമായ സൂചനയുണ്ട്. വനിതാ നേതാവായ എ ആര്‍ സിന്ധുവിന്റെ പേരും പരിഗണനയിലുണ്ട്. നാളെ രാത്രിയോ ഞായറാഴ്ച രാവിലെയോ ചേരുന്ന കേന്ദ്രകമ്മിറ്റി, പൊളിറ്റ് ബ്യൂറോ യോഗങ്ങളിലായിരിക്കും പുതിയ അംഗങ്ങളുടെ കാര്യത്തില്‍ ഏകദേശ ധാരണയില്‍ എത്തുക. പാര്‍ട്ടി കോണ്‍ഗ്രസിന് ഞായറാഴ്ച മധുരയില്‍ തിരശ്ശീല വീഴും.

LATEST NEWS
വാട്ടർ മെട്രോയുടെ വിജയക്കുതിപ്പിൽ സന്തുഷ്ടരായി ജർമ്മൻ സർക്കാർ; ബോട്ടുകൾ വാങ്ങാൻ കൂടുതൽ വായ്പ നൽകും

വാട്ടർ മെട്രോയുടെ വിജയക്കുതിപ്പിൽ സന്തുഷ്ടരായി ജർമ്മൻ സർക്കാർ; ബോട്ടുകൾ വാങ്ങാൻ കൂടുതൽ വായ്പ നൽകും

കൊച്ചി: കൊച്ചി വാട്ടർ മെട്രോയ്ക്ക് കൂടുതൽ ബോട്ടുകൾ വാങ്ങാൻ വായ്പ നൽകാനൊരുങ്ങി ജർമ്മൻ സർക്കാർ....