‘കേരളത്തിന്റെ വികസനം തടയുന്നു, സർക്കാരിനെ ദുർബലപ്പെടുത്താൻ ​ഗവർണറെ ഉപയോ​ഗിക്കുന്നു’

Apr 5, 2025

മധുര: കേന്ദ്രത്തിലെ ബിജെപി സർക്കാർ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധത്തിനെതിരെ പോരാടുന്ന കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ ഒറ്റക്കെട്ടായി പിന്തുണയ്ക്കാൻ സിപിഎം പാർട്ടി കോൺഗ്രസ് ആഹ്വാനം ചെയ്തു. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ എതിർക്കുന്നതും നവലിബറൽ നയങ്ങൾക്ക് ബദൽ നൽകുന്നതും ഉൾപ്പെടെയുള്ള ഇടതുപക്ഷ സർക്കാരിന്റെ സവിശേഷതകൾ ചൂണ്ടിക്കാണിക്കുന്ന പ്രമേയം പാർട്ടി അംഗീകരിച്ചു. സംസ്ഥാന സർക്കാരിനെതിരെ കേന്ദ്ര സർക്കാർ വ്യാജവും അടിസ്ഥാനരഹിതവുമായ പ്രചാരണം നടത്തുകയാണെന്നു പ്രമേയം ആരോപിച്ചു.

കേന്ദ്രത്തിലെ ബിജെപി സർക്കാർ സംസ്ഥാനത്തിനെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ടെന്നു പ്രമേയം പറയുന്നു. പ്രതിപക്ഷമായ കോൺഗ്രസും ഈ ശ്രമത്തിൽ പങ്കുചേർന്നുവെന്നും ആരോപണമുണ്ട്. കേരളത്തിലെ ഇടതുപക്ഷ സർക്കാരുകളുടെ തുടർ ഭരണം പിന്തുടരുന്ന ബദൽ വികസന നയങ്ങൾ സമഗ്ര വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. സാമൂഹിക ക്ഷേമ നേട്ടങ്ങളിൽ കേരളം മുന്നിലാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായുള്ള സംസ്ഥാനത്തിന്റെ ജിഡിപി വളർച്ച രാജ്യത്തിന്റെ വളർച്ചയേക്കാൾ കൂടുതലാണ്. തൊഴിലില്ലായ്മ വെല്ലുവിളിയെ നേരിടാനുള്ള ശ്രമങ്ങളാണ് ബദൽ വികസന നയത്തിലൂടെ ശ്രമിക്കുന്നതെന്നും പ്രമേയത്തിൽ പറയുന്നു.

വിവിധങ്ങളായ തടസങ്ങൾ മറികടക്കുക, ആകർഷകമായ നിക്ഷേപ കേന്ദ്രമാക്കി സംസ്ഥാനത്തെ മാറ്റുക, അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തത മറികടക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ നവീകരിക്കുക തുടങ്ങി നിരവധി പ്രവർത്തനങ്ങളുമായി സംസ്ഥാനം വലിയ മുന്നേറ്റങ്ങൾ നടത്തുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ, പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം എന്നിവ ശക്തിപ്പെടുത്താനും ശ്രമങ്ങൾ തുടരും.

സംസ്ഥാനത്തിന്റെ വികസനം തടസപ്പെടുത്താൻ ബിജെപിയുടെ കീഴിലുള്ള കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നു. ബില്ലുകൾക്ക് അംഗീകാരം നൽകാതെയും സംസ്ഥാനത്തിന്റെ നിയമ നിർമാണ അധികാരത്തെ ദുർബലപ്പെടുത്തുന്നതിനും ഗവർണറെ ഉപയോഗിക്കാൻ ശ്രമിക്കുന്നു. സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി ഞെരുക്കാനും കേന്ദ്രം ശ്രമിക്കുന്നു. വിവേചനം മറച്ചുവെക്കാൻ കേന്ദ്രം സംസ്ഥാന സർക്കാരിനെതിരെ തെറ്റായതും അടിസ്ഥാനരഹിതവുമായ പ്രചാരണങ്ങൾ നടത്തുകയാണെന്നും പ്രമേയം കുറ്റപ്പെടുത്തി.

LATEST NEWS
വാട്ടർ മെട്രോയുടെ വിജയക്കുതിപ്പിൽ സന്തുഷ്ടരായി ജർമ്മൻ സർക്കാർ; ബോട്ടുകൾ വാങ്ങാൻ കൂടുതൽ വായ്പ നൽകും

വാട്ടർ മെട്രോയുടെ വിജയക്കുതിപ്പിൽ സന്തുഷ്ടരായി ജർമ്മൻ സർക്കാർ; ബോട്ടുകൾ വാങ്ങാൻ കൂടുതൽ വായ്പ നൽകും

കൊച്ചി: കൊച്ചി വാട്ടർ മെട്രോയ്ക്ക് കൂടുതൽ ബോട്ടുകൾ വാങ്ങാൻ വായ്പ നൽകാനൊരുങ്ങി ജർമ്മൻ സർക്കാർ....