സിപിഎം ഈസ്റ്റ് ലോക്കൽ സമ്മേളനത്തോട് അനുബന്ധിച്ച് സ്ത്രീധന വിരുദ്ധ സെമിനാറും പ്രതിജ്ഞ വാചകം ചൊല്ലലും സംഘടിപ്പിച്ചു

Nov 2, 2021

ആറ്റിങ്ങൽ: സിപിഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ഈസ്റ്റ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച സ്ത്രീധന വിരുദ്ധ സെമിനാർ നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം എം.മുരളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഏരിയ സെന്റെർ അംഗവും നഗരസഭ മുൻ ചെയർമാനുമായ എം. പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി. ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.ചന്ദ്രബോസ് സ്വാഗതവും, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി ഇ.അനസ് നന്ദിയും പറഞ്ഞു.

സംസ്ഥാനത്ത് സ്ത്രീധനത്തിന്റെ പേരിൽ നിരവധി പെൺകുട്ടികൾ പീഡിതരാവുന്ന സാഹചര്യം കണക്കിലെടുത്താണ് ഇത്തരമൊരു സെമിനാർ സംഘടിപ്പിച്ചത്. മറ്റ് രാജ്യങ്ങൾ പോലും ഉറ്റു നോക്കുന്ന പ്രബുദ്ധരായ ജനതയാണ് കേരളത്തിലുള്ളത്. എന്നാൽ അടുത്ത കാലങ്ങളായി സ്ത്രീധനത്തിന്റെ പേരിൽ നിരവധി പെൺകുട്ടികൾ അരുംകൊല ചെയ്യപ്പെടുന്നു. പണ്ട് കാലത്ത് ജൻമിത്ത മുതലാളിത്തമാണ് സാക്ഷരത ലഭിക്കാത്ത ഒരു വിഭാഗത്തെ ഇത്തരം പീഡനങ്ങൾക്ക് ഇരയാക്കിയിരുന്നത്. എന്നാൽ ഈ കാലഘട്ടത്തിൽ ധനത്തിനോട് അമിത ആർത്തി കാണിക്കുന്ന വിദ്യാസമ്പന്നർ ഇതിന് മുതിരുന്നു എന്നതാണ് വിരോധാഭാസം. ജൻമിത്ത മേലാളൻമാരുടെ അതിക്രമം അക്കാലത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ഇടത് സർക്കാരുകളും നിരന്തരം ചോദ്യചെയ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അമർച്ച ചെയ്യാൻ സാധിച്ചു. നിലവിലും അത്തരം കാടത്ത സംസ്കാരം സമൂഹത്തിന്റെ ചിലയിടങ്ങളിൽ വീണ്ടും ഉടലെടുത്തിരിക്കുന്നു. ഇതിനെതിരെ ശക്തമായ പ്രതിരോധം തീർക്കാനും, യുവ തലമുറക്ക് ഒരവബോധം സൃഷ്ടിക്കാനുമാണ് ഈസ്റ്റ് ലോക്കൽ സമ്മേളനത്തോട് അനുബന്ധിച്ച് സ്ത്രീധന വിരുദ്ധ സെമിനാർ സംഘടിപ്പിച്ചതെന്ന് എം.പ്രദീപ് അറിയിച്ചു.

അവനവഞ്ചേരി തെരുവ് ജംഗ്ഷനിൽ സംഘടിപ്പിച്ച സെമിനാറിൽ പാർട്ടി അംഗം കുമാരി ദേവിക പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ലോക്കൽ കമ്മിറ്റി പരിധിയിലെ വിവിധ ബ്രാഞ്ചുകളിൽ നിന്നെത്തിയ അവിവാഹിതരായ നിരവധി യുവാക്കൾ പ്രതീകാത്മകമായി മൊബൈലിലെ ഫ്ലാഷ് ലൈറ്റുകൾ പ്രകാശിപ്പിച്ചു കൊണ്ട് പ്രതിജ്‌ഞാ വാചകം ഏറ്റുചൊല്ലി. നഗരസഭാ വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, എൽ സി അംഗങ്ങളായ റ്റി. ദിലീപ് കുമാർ, ബിസിഡി സുധീർ, ആർ.രാമൻകുട്ടി, ജി.ബാബു, എൻ.മണിയൻ, ബാലചന്ദ്രൻ, കൗൺസിലർ എം.താഹിർ, കെ.പി.രാജഗോപാലൻ പോറ്റി തുടങ്ങിയവർ പങ്കെടുത്തു. ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ സാംസ്കാരിക സമ്മേളനവും ജനകീയ ക്വിസ് മത്സരവും, പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായുളള വൃക്ഷ തൈ നടീൽ, ആരോഗ്യ പ്രവർത്തകരെ ആദരിക്കൽ തുടങ്ങി വ്യത്യസ്ഥമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത് എന്ന് സെക്രട്ടറി സി.ചന്ദ്രബോസ് അറിയിച്ചു.

LATEST NEWS
‘എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്’: സന്ദേശം വ്യാജമെന്ന് വിദ്യാഭ്യാസ മന്ത്രി

‘എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്’: സന്ദേശം വ്യാജമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്പ് നല്‍കും എന്ന അറിയിപ്പ് വ്യാജമെന്ന്...