വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്നാം ടി20യില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് സൂര്യകുമാര്‍ യാദവിന്റെ ഇന്നിംഗ്സായിരുന്നു. ഓപ്പണറായെത്തിയ സൂര്യ 44 പന്തില്‍ 76 റണ്‍സ് നേടുകയും ചെയ്തു. നാല് സിക്സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സൂര്യയുടെ ഇന്നിംഗ്സ്. ഇതോടെ വിമര്‍ശനങ്ങളെല്ലാ കാറ്റില്‍ പറത്താനും താരത്തിനായി. ആദ്യ രണ്ട് ടി20 മത്സരങ്ങളില്‍ ഓപ്പണാറായി എത്തിയെങ്കിലും തിളങ്ങാന്‍ സൂര്യകുമാറിന് സാധിച്ചിരുന്നില്ല.

ഇന്നിംഗ്സിനിടെ സൂര്യകുമാര്‍ കളിച്ച ഒരു ഷോട്ടാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇന്ത്യയുടെ 360 ഡിഗ്രി പ്ലയറെന്ന് വിളിപ്പേരുള്ള സൂര്യകുമാര്‍ ആ പേരിനെ അന്വര്‍ത്ഥമാക്കുന്ന ഷോട്ടാണ് പുറത്തെടുത്തത്. പത്താം ഓവറില്‍ അല്‍സാരി ജോസഫിനെതിരെയായിരുന്നു സൂര്യയുടെ ഷോട്ട്. അല്‍സാരിയുടെ ബൗണ്‍സര്‍ വിക്കറ്റ് കീപ്പറുടെ തലയ്ക്ക് മുകളിലൂടെ അസാമാന്യ മെയ് വഴക്കത്തോടെ സൂര്യകുമാര്‍ തട്ടിയിടുകയായിരുന്നു.


















