കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ ക്രൂരതയില്‍ വര്‍ധന

Dec 5, 2023

തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിക്കുന്ന സംഭവങ്ങളും ഭര്‍ത്താക്കന്‍മാരില്‍ നിന്നുള്ള ക്രൂരതയും കേരളത്തില്‍ വര്‍ധിക്കുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2020 ന് ശേഷം ഭാര്യമാരോട് ഭര്‍ത്താക്കന്‍മാരുടെയും അവരുടെ ബന്ധുക്കളുടേയും ക്രൂരത വര്‍ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2020 നും 2022 നും ഇടയില്‍ കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കുതിച്ചുയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.

കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഇന്ത്യന്‍ ശിക്ഷാ നിയമങ്ങള്‍ പ്രകാരം 2020ല്‍ 10,139 കേസുകളാണെങ്കില്‍ 2022ല്‍ 15,213 ആയി. ഇതില്‍ 15,213 കേസുകളില്‍ 4,998 എണ്ണം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 498 എ പ്രകാരം ഭര്‍ത്താവോ ബന്ധുക്കളോ ക്രൂരമായി ഉപദ്രവിച്ച സംഭവങ്ങളാണ്. സ്ത്രീത്വത്തെ അപമാനിച്ചതായി രജിസ്റ്റര്‍ ചെയ്തത് 4,940 കേസുകളാണ്.

മുന്‍ വര്‍ഷങ്ങളിലെ 5,269 കേസുകളും കൂടി ചേര്‍ത്ത് 2022 ല്‍ പൊലീസ് അന്വേഷിച്ച സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ ആകെ കേസുകള്‍ 20,528 ആയിരുന്നു. ഇതില്‍ 15,782 കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചു, 6,792 എണ്ണത്തില്‍ അന്വേഷണം തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുന്നു.

LATEST NEWS