പള്ളിക്കൽ: വീടിന് തീയിട്ട് ഭാര്യയെയും മക്കളെയും കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പള്ളിക്കൽ, മടവൂർ , ചാങ്ങോട്ടുകോണം, ചരുവിള വീട്ടിൽ സുനിൽ (34)നെയാണ് പള്ളിക്കൽ പൊലീസ് അറസ്റ്റു ചെയ്തത്. ഈ മാസം പത്തൊൻപതാം തീയതി വെളുപ്പിന് ഒരു മണിക്കായിരുന്നു കേസിനാസ്പദമായ സംഭംവം നടന്നത്.
സംഭവത്തെക്കുറിച്ച് പൊലീസ് ഭാഷ്യം ഇങ്ങനെ:
സ്ഥിരം മദ്യപാനിയായിരുന്ന സുനിൽ പലതവന്ന ഭാര്യയെയും കുട്ടികളെയും മർദ്ദിക്കുകയും അർദ്ധരാത്രികളിൽ വീട്ടിൽ നിന്ന് ഇറക്കിവിടുകയും ചെയ്യുമായിരുന്നു. നിരവധി കേസുകളിലെ പ്രതിയായ സുനിലിനെ ഭയന്നാണ് ഭാര്യയും കുട്ടികളും വീട്ടിൽ കഴിഞ്ഞിരുന്നത്. സംഭവ ദിവസം രാത്രി മദ്യപിച്ച് ലക്ക് കെട്ട് എത്തിയ പ്രതി ഭാര്യയെയും കുട്ടികളെയും വീട്ടിൽ നിന്ന് ഇറക്കിവിടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇവർ ഇറങ്ങിപ്പോകാൻ തയ്യാറാവാത്തതിൽ പ്രകോപിതനായ സുനിൽ കുട്ടികളുടെ ബുക്കുകളും തുണികളും തീയിട്ട ശേഷം ഷെഡ് കൊണ്ട് മറച്ച വീടിന് തീവെയ്ക്കുകയായിരുന്നു.
വീടിന് തീ പടരുന്നത് കണ്ട ഭാര്യയും കുട്ടികളും ഓടി രക്ഷപ്പെട്ടു. തീ പിടുത്തത്തിൽ വീട് പൂർണ്ണമായും കത്തി നശിച്ചു. സംഭവ ശേഷം പ്രതി ഒളിവിൽ പോവുകയായിരുന്നു. സംഭവത്തിന് കേസെടുത്ത പള്ളിക്കൽ പോലീസ് പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കുകയും , ഇന്നലെ പുലർച്ചെ മടവൂരിൽ നിന്ന് ബസ് കയറി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് കസ്റ്റടിയിൽ എടുക്കുകയും ചെയ്തു. പള്ളിക്കൽ സി.ഐ ശ്രീജിത്ത്.പിയുടെ നേതൃത്വത്തിൽ എസ്.ഐ സഹിൽ .എം എ.എസ്.ഐ അനിൽകുമാർ എസ്.സി.പി.ഒ ജോസഫ് എബ്രഹാം സി.പി.ഒ ബിനു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിൽ എടുത്തത് . അറസ്റ്റു ചെയ്ത പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.