തൃശൂർ: ചാവക്കാട് വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ മോഷ്ടിക്കാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ സാഹസികമായി പിന്തുടർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ചാവക്കാട് ബസ് സ്റ്റാൻഡിന് വടക്ക് പണിക്കവീട്ടിൽ ഷക്കീറിന്റെ കാറാണ് മോഷണശ്രമത്തിന് ഇരയായത്. സംഭവത്തിൽ മന്നലാംകുന്ന് കിണർ സ്വദേശി നബീലിനെയാണ് ചാവക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞദിവസം രാത്രി 9:30 ഓടെയായിരുന്നു സംഭവം. കാർ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ വാഹനത്തിന്റെ ഹോൺ അടിച്ചതാണ് പ്രതിക്ക് വിനയായത്. പെട്ടെന്ന് കാറിന്റെ ഹോൺ ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോൾ കാറിൽ നിന്ന് ഒരാൾ ചാടിയിറങ്ങി ഓടുന്നത് കണ്ടു. ഉടൻതന്നെ വീട്ടുകാർ ഇയാളെ പിന്തുടർന്നെങ്കിലും രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ വീട്ടുപരിസരത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകൾ പരിശോധിച്ചതോടെ മോഷ്ടാവിന്റെ രൂപം വ്യക്തമായി പതിഞ്ഞത് നാട്ടുകാർക്ക് സഹായകരമായി.

തുടർന്ന് നടത്തിയ തെരച്ചിലിൽ ഷക്കീറിന്റെ സഹോദരൻ ഷബീർ ഇയാളെ കണ്ടെത്തുകയും വിവരങ്ങൾ ചോദിച്ചറിയാൻ ശ്രമിക്കുകയും ചെയ്തു. ഇയാളുടെ ചിത്രം മൊബൈൽ ഫോണിൽ പകർത്താൻ തുടങ്ങിയതോടെ പ്രതി അക്രമാസക്തനാവുകയും ഷബീറിനെ ആക്രമിക്കാൻ ശ്രമിച്ചശേഷം വീണ്ടും ഓടുകയും ചെയ്തു. ഇതോടെ നാട്ടുകാർ സംഘടിച്ച് ഇയാളെ വളഞ്ഞു.

ഒടുവിൽ സമീപത്തെ വീടിന്റെ വിറകുപുരയിൽ ഒളിച്ചിരുന്ന പ്രതിയെ നാട്ടുകാർ കയ്യോടെ പിടികൂടുകയായിരുന്നു. നാട്ടുകാർ ഇയാളെ പരിശോധിച്ചപ്പോൾ കാറിൽ നിന്ന് കാണാതായ വീട്ടുരുടമയുടെ പേഴ്സും കാറിന്റെ താക്കോലും ഇയാളുടെ പോക്കറ്റിൽ നിന്ന് കണ്ടെടുത്തു. വിവരമറിഞ്ഞ് ഉടൻതന്നെ സ്ഥലത്തെത്തിയ ചാവക്കാട് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.



















