തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിൽ കുറവ് വന്ന സാഹചര്യത്തിൽ വിപുലമായ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഒരു ഡോസ് വാക്സീനെടുത്തവരേയും തീയേറ്ററുകളിൽ പ്രവേശിക്കാൻ അനുവദിക്കും. വിവാഹചടങ്ങുകളിലും മരണചടങ്ങുകളിലും കൂടുതൽ പേർക്ക് പങ്കെടുക്കാനും അനുമതിയായി. ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗമാണ് നിലവിലെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചത്.
വിവാഹങ്ങളിൽ 100 മുതൽ 200 പേർക്ക് വരെ പങ്കെടുക്കാൻ അനുമതി നൽകാൻ അവലോകന യോഗത്തിൽ തീരുമാനമായി. ഓഡിറ്റോറിയങ്ങളിൽ നടക്കുന്ന വിവാഹ ചടങ്ങുകളിൽ 100 പേർക്ക് വരെ പങ്കെടുക്കാം. തുറസ്സായ സ്ഥലങ്ങളിൽ നടക്കുന്ന വിവാഹചടങ്ങുകളിൽ 200 പേർക്ക് വരെ പങ്കെടുക്കാൻ അനുമതിയുണ്ടാവും.
തീയറ്ററുകൾ വീണ്ടും തുറന്നിട്ടും പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ വിനോദ നികുതിയിൽ ഇളവ് വേണമെന്ന തീയറ്റർ ഉടമകളുടെ ആവശ്യം ഇന്ന് ചേരുന്ന മന്ത്രിസഭായോഗം ചർച്ചചെയ്യും. അടച്ചുപൂട്ടിയ സമയത്തെ തീയറ്ററുകളിലെ കെഎസ്ഇബി ഫിക്സഡ് ചാർജിൽ ഇളവ് വേണമെന്ന ആവശ്യവും സർക്കാർ പരിഗണനയിലാണ്.