കുട്ടികളുടെ വ്യാജ ചിത്രങ്ങള്‍ നിര്‍മിച്ച് സൈബര്‍ ഭീഷണി; രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ്

Nov 2, 2026

ഷാര്‍ജ: എഐ ഉപയോഗിച്ച് കുട്ടികളുടെ വ്യാജ ചിത്രങ്ങള്‍ നിര്‍മിച്ച് നടത്തുന്ന സൈബര്‍ ഭീഷണി, ബ്ലാക്ക്‌മെയിലിങ്, മാനസിക പീഡനം എന്നിവയില്‍ ഷാര്‍ജയില്‍ മുന്നറിയിപ്പ്. ഇത്തരം സൈബര്‍ തട്ടിപ്പുകളില്‍ രക്ഷിതാക്കള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഷാര്‍ജ ചൈല്‍ഡ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ മുന്നറിയിപ്പ് നല്‍കി. കുട്ടികളുടെ ചിത്രങ്ങളും സ്വകാര്യ വിവരങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത് നിയന്ത്രിക്കാനും പ്രൈവസി സെറ്റിങ്സുകള്‍ പരിശോധിക്കാനും അധികൃതര്‍ നിര്‍ദേശിച്ചു.

ചിത്രങ്ങള്‍ വ്യാജമായി നിര്‍മിച്ചവയാണെങ്കില്‍ പോലും ഇത് കുട്ടികളുടെ മാനസികാരോഗ്യത്തെയും സാമൂഹിക ജീവിതത്തെയും സുരക്ഷാബോധത്തെയും ഗുരുതരമായി ബാധിക്കും. കുട്ടികളുടെ വ്യാജ അശ്ലീല ചിത്രങ്ങള്‍ നിര്‍മിക്കുന്നതും പ്രചരിപ്പിക്കുന്നതും യുഎഇ നിയമപ്രകാരം കടുത്ത കുറ്റകൃത്യമാണ്.

മനഃപൂര്‍വം നിര്‍മിക്കുന്ന ഇത്തരം ചിത്രങ്ങള്‍ കാരണം കുട്ടികള്‍ക്ക് അപമാനം, ഭയം, വിഷാദം, ഒറ്റപ്പെടല്‍ എന്നിവ ഉണ്ടാകാനിടയാകുന്നു. പലപ്പോഴും സ്‌കൂളില്‍ പോകാന്‍ പോലും കുട്ടികള്‍ ഭയപ്പെടുന്നു. ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണമോ മറ്റ് ആവശ്യങ്ങളോ ഉന്നയിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്യുന്ന സംഭവങ്ങളുമുണ്ട്. കുട്ടി സ്വന്തമായി ചിത്രങ്ങളൊന്നും പങ്കുവെച്ചിട്ടില്ലെങ്കില്‍ പോലും ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയായേക്കാം.

കുട്ടികളുടെ സ്‌കൂള്‍, നിലവിലുള്ള ലൊക്കേഷന്‍, ദിനചര്യകള്‍ എന്നിവ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. യുഎഇയിലുടനീളം കുറ്റകൃത്യങ്ങളും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളും റിപോര്‍ട്ട് ചെയ്യാന്‍ ‘800 700’ എന്ന ഹെല്‍പ്ലൈന്‍ നമ്പറില്‍ ബന്ധപ്പെടാം.

LATEST NEWS