കൊച്ചി: എരൂര്‍ ജികെഎം യുപി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി അനയ പി റിനില്‍ നൃത്തം ചെയ്യുന്നതിന്റെ വിഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് മന്ത്രി പി ശിവന്‍ കുട്ടി. ‘നൃത്തത്തില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി അനയയെ തോല്‍പ്പിക്കാന്‍ ഇനി ആരുണ്ട്..!’ എന്ന കുറിപ്പോടെയാണ് മന്ത്രി വിഡിയോ പങ്കിട്ടത്.
സുഹൃത്തുക്കള്‍ക്കൊപ്പം അനയ മനോഹരമായി നൃത്തം ചെയ്യുന്നത് വിഡിയോയില്‍ കാണാം. അനയാസമായി ചുവടു വയ്ക്കുന്ന അനയയുടെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളിലും വൈറലാണ്. കഴിഞ്ഞ ദിവസം ഫ്രീ പിരീയഡ് സമയത്ത് കുട്ടികളെ ക്ലാസ് റൂമില്‍ നിന്ന് പുറത്തിറക്കിയിരുന്നു. മൈതാനത്ത് എത്തിയ കുട്ടികള്‍ക്കായി പാട്ടുംവെച്ചു കൊടുത്തിരുന്നു. ഈ സമയത്താണ് വിദ്യാര്‍ഥികള്‍ നൃത്തം ചെയതത്.
അനയ മികച്ച രീതിയില്‍ നൃത്തം ചെയ്യുന്നത് കണ്ട സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എ കെ ശ്രീലതയാണ് ഫോണില്‍ വിഡിയോ പകര്‍ത്തിയത്. ബിആര്‍സി ട്രെയ്‌നര്‍ ടി വി ദീപയാണ് വിഡിയോ മന്ത്രിയുടെ അടുത്ത് എത്തിച്ചത്. കണ്ണൂര്‍ സ്വദേശയായ പി റിനിലിന്റെയും രാജിയുടെയും ഇളയമകളാണ് അനയ.