ഡിസിസി ട്രഷററുടെ ആത്മഹത്യ; 15 വരെ അറസ്റ്റ് പാടില്ലെന്ന് കോടതി

Jan 10, 2025

കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളായ ഐസി ബാലകൃഷ്ണന്‍ എംഎല്‍എയുടെയും ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്റെയും അറസ്റ്റ് തടഞ്ഞ് കോടതി. ഈ മാസം പതിനഞ്ച് വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി വാക്കാല്‍ നിര്‍ദേശം നല്‍കി. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച വയനാട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പൊലീസിന് നിര്‍ദേശം നല്‍കിയത്.

കേസ് ഡയറി ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടതായും 15ന് വിശദമായ വാദം കേള്‍ക്കുമെന്നും പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ ഒളിവില്‍ അല്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു. ഇരുവര്‍ക്കും ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം.വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഐസി ബാലകൃഷ്ണന്‍ എംഎല്‍എയും ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചനുമടക്കം 4 കോണ്‍ഗ്രസ് നേതാക്കളെക്കെയാണ് ആത്മഹത്യപ്രേരണാ കേസില്‍ പ്രതി ചേര്‍ത്തത്. ഡിസിസി മുന്‍ ട്രഷറര്‍ കെകെ ഗോപിനാഥന്‍, ഡിസിസി മുന്‍ പ്രസിഡന്റ് അന്തരിച്ച പിവി ബാലചന്ദ്രന്‍ എന്നിവരാണു മറ്റു പ്രതികള്‍. പ്രതി ചേര്‍ത്തതോടെ ഒന്നാം പ്രതി ഐസി ബാലകൃഷ്ണനും രണ്ടാം പ്രതി എന്‍.ഡി.അപ്പച്ചനും പിന്നീട് രഹസ്യ കേന്ദ്രങ്ങളിലേക്കു മാറിയതായാണു വിവരം.

LATEST NEWS