ആറ്റിങ്ങൽ ബോയ്സ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും മുൻ റിസർവ് ബാങ്ക് ഗവർണറുമായിരുന്ന എസ് വെങ്കിട്ടരമണൻ അന്തരിച്ചു

Nov 18, 2023

റിസർവ് ബാങ്കിന്റെ പതിനെട്ടാമത്തെ ഗവർണർ ആയിരുന്ന എസ് വെങ്കിട്ടരമണൻ അന്തരിച്ചു.
92 വയസ്സായിരുന്നു.
ഇന്ന് രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്.

1990 മുതൽ 92 വരെ അദ്ദേഹം റിസർവ് ബാങ്കിന്റെ ഗവർണറായി പ്രവർത്തിച്ചു.

1931 ജനുവരി 28നാണ് അദ്ദേഹത്തിന്റെ ജനനം. തമിഴ്നാട്ടിലെ പുതുക്കോട്ട ജില്ലയിലാണ് ജനിച്ചത്.

ആറ്റിങ്ങൽ ബോയ്സ് ഹൈസ്കൂളിലെ ഹെഡ്മാസ്റ്റർ ആയിരുന്നു വെങ്കട്ടരമണന്റെ പിതാവ്.
ആ കാലമത്രയും അദ്ദേഹം ആറ്റിങ്ങൽ ബോയ്സ് ഹൈസ്കൂളിൽ ആയിരുന്നു പഠിച്ചിരുന്നത്.
ആ ബന്ധം എക്കാലവും അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചിരുന്നതായി പഴയകാല അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

പിൽക്കാലത്ത്
വെങ്കട്ടരമണൻ ആറ്റിങ്ങൽ ബോയ്സ് ഹൈസ്കൂളിന് അയച്ചുകൊടുത്ത കത്ത് ഇന്നും ബോയ്സ് ഹൈസ്കൂളിലെ ഹെഡ്മാസ്റ്ററുടെ മുറിയിൽ അഭിമാനത്തോടെ ചില്ലിട്ട് ചുമരിൽ തൂക്കിയിട്ടുണ്ട്.

തുടർന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ആയിരുന്നു അദ്ദേഹത്തിന്റെ പഠനം.

1957 ൽ ഐഎഎസ് നേടി.
ഫിനാൻസ് സെക്രട്ടറി സ്ഥാനം ഉൾപ്പെടെ നിരവധി സ്ഥാനങ്ങൾ അലങ്കരിച്ചു.
തുടർന്നാണ് റിസർവ്ബാങ്ക് ഗവർണറുടെ സ്ഥാനത്ത് എത്തിയത്.

മുൻ തമിഴ്നാട് ചീഫ് സെക്രട്ടറിയായിരുന്ന ഗിരിജാവൈദ്യനാഥൻ ഉൾപ്പെടെ മൂന്നു മക്കളാണ് അദ്ദേഹത്തിന്.

ആറ്റിങ്ങലിനെയും ആറ്റിങ്ങൽക്കാരെയും ഏറെ സ്നേഹിച്ചിരുന്ന ഒരാളാണ് വെങ്കട്ടരമണൻ.

LATEST NEWS