പാലക്കാട് ക്രിസ്മസ് ആഘോഷത്തിനായി സ്‌കൂളില്‍ സ്ഥാപിച്ച പുല്‍ക്കൂട് തകര്‍ത്തു, പൊലീസില്‍ പരാതി

Dec 23, 2024

പാലക്കാട്: ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സ്‌കൂളില്‍ സ്ഥാപിച്ച പുല്‍ക്കൂട് തകര്‍ത്തതായി പരാതി. പാലക്കാട് തത്തമംഗലം ജിബിയുപി സ്‌കൂളിലാണ് സംഭവം. വെള്ളിയാഴ്ചയാണ് ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സ്‌കൂളില്‍ പുല്‍ക്കൂട് സ്ഥാപിച്ചത്. ഇന്ന് സ്‌കൂളിലെത്തിയ അധ്യാപകരാണ് പുല്‍ക്കൂട് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.

ഗേറ്റിനുള്ളിലുണ്ടായിരുന്ന പുല്‍ക്കൂട് നീളമുള്ള വടി ഉപയോഗിച്ചാണ് തകര്‍ത്തിരിക്കുന്നത്. സാമൂഹ്യവിരുദ്ധരായിരിക്കാം പുല്‍ക്കൂട് തകര്‍ത്തതെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. സംഭവത്തില്‍ ചിറ്റൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സ്‌കൂളിന് സമീപ സിസിടിവി കാമറകളില്ലാത്തതിനാല്‍ ദൃശ്യങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല. പൊലീസ് കേസ് എടുത്ത് അന്വേഷണമാരംഭിച്ചു.

കഴിഞ്ഞ ദിവസം നല്ലേപ്പിള്ളി ഗവ.യുപി സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടയാന്‍ വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ ശ്രമിച്ചത് വിവാദമായിരുന്നു. ഈ സ്‌കൂളിനടുത്താണ് തത്തമംഗലം ജിബിയുപി സ്‌കൂള്‍. പരീക്ഷ കഴിഞ്ഞ് സ്‌കൂള്‍ മുറ്റത്ത് സാന്റക്ലോസിന്റെ തൊപ്പിയണിഞ്ഞ് ക്രിസ്മസ് ആഘോഷിക്കുന്നതിനിടെ അപ്രതീക്ഷിതമായിണ് മൂവര്‍ സംഘം എത്തിയത്. വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വെച്ച് അധ്യാപകരെ അസഭ്യം പറഞ്ഞ ശേഷം മടങ്ങി. സംഭവത്തില്‍ വിഎച്ച്പി ജില്ലാ സെക്രട്ടറി കെ. അനില്‍കുമാര്‍ ജില്ലാ സംയോജക് വി. സുശാസനന്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ. വേലായുധന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

LATEST NEWS