ഗാസ സിറ്റി: ഗാസയിലെ തങ്ങളുടെ ഭരണം അവസാനിപ്പിക്കുന്നതായും ഭരണം ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള ഒരു സാങ്കേതിക സമിതിക്ക് (ടെക്‌നോക്രാറ്റിക് കമ്മിറ്റി) കൈമാറാന്‍ ഒരുങ്ങുകയാണെന്നും സായുധ സംഘടനയായ ഹമാസ് പ്രഖ്യാപിച്ചു. അമേരിക്കയുടെ മധ്യസ്ഥതയില്‍ ഒപ്പുവെച്ച വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായാണ് ഈ നിര്‍ണായക നീക്കം. എന്നാല്‍, തങ്ങളുടെ പക്കലുള്ള ആയുധങ്ങള്‍ താഴെവെക്കാനോ സുരക്ഷാ ചുമതലകള്‍ അന്താരാഷ്ട്ര സേനയ്ക്ക് കൈമാറാനോ ഹമാസ് തയ്യാറായിട്ടില്ല. ഹമാസിനെ പൂര്‍ണമായി നിരായുധരാക്കുക എന്നതായിരുന്നു അമേരിക്കയുടെയും ഇസ്രായേലിന്റെയും പ്രധാന ആവശ്യം.
ഗാസയിലെ ഹമാസ് ഭരണകൂടത്തിന്റെ തലവനായ മുഹമ്മദ് അല്‍ ഫറാ തന്റെ പദവി രാജിവെക്കുകയും, ഭരണം ‘നാഷണല്‍ കമ്മിറ്റി ഫോര്‍ ദി അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ഗാസ’ (എന്‍സിഎജി) എന്ന സമിതിക്ക് കൈമാറാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഗാസയിലെ ഭരണപരമായ ചുമതലകളില്‍ നിന്ന് ഹമാസ് ഉടനടി പിന്മാറുമെങ്കിലും, പുതിയ സമിതി ചുമതലയേല്‍ക്കുന്നത് വരെ സര്‍ക്കാര്‍ ജീവനക്കാരും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും തങ്ങളുടെ തസ്തികകളില്‍ തുടരും. 2006ലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നിയന്ത്രണം ഏറ്റെടുത്ത ഹമാസ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഗാസയില്‍ ഭരണം നടത്തിവരികയായിരുന്നു. അതിനാല്‍ തന്നെ പുതിയ പ്രഖ്യാപനം ഗാസയില്‍ വലിയ രാഷ്ട്രീയ മാറ്റത്തിനാണ് വഴിതുറന്നിരിക്കുന്നത്.
ഗാസയിലെ ഭരണസംവിധാനം കൈമാറുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് താന്‍ രാജി സമര്‍പ്പിക്കുന്നതെന്ന് അല്‍ ഫറാ വ്യക്തമാക്കി. ഭരണപരമായ ഈ മാറ്റം എളുപ്പമാക്കുന്നതിനാണ് കമ്മിറ്റി പിരിച്ചുവിടാന്‍ തീരുമാനിച്ചതെന്ന് ഹമാസ് ഗവണ്‍മെന്റ് മീഡിയ ഓഫീസ് ജനറല്‍ ഡയറക്ടര്‍ ഇസ്മായില്‍ അല്‍ തവാബ്തയും അറിയിച്ചു.
എന്താണ് എന്‍സിഎജി?
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ 2025 ഒക്ടോബറില്‍ രൂപീകരിച്ച ‘ബോര്‍ഡ് ഓഫ് പീസ്’ (സമാധാന സമിതി) പ്രകാരമാണ് എന്‍സിഎജി രൂപീകരിച്ചത്. നിലവില്‍ ഈജിപ്തിലെ കെയ്റോ കേന്ദ്രീകരിച്ചാണ് ഈ സമിതി പ്രവര്‍ത്തിക്കുന്നത്. ഫലസ്തീന്‍ അതോറിറ്റി മുന്‍ ഉദ്യോഗസ്ഥനും ഗാസ സ്വദേശിയുമായ എന്‍ജിനീയര്‍ അലി ഷാത്ത് ആണ് ഇതിന്റെ തലവന്‍. യുഎന്‍ മേല്‍നോട്ടത്തില്‍ ഗാസയിലെ ജനങ്ങള്‍ക്ക് അവശ്യ സേവനങ്ങള്‍ പുനഃസ്ഥാപിക്കുക, പൊതുകാര്യങ്ങള്‍ നിയന്ത്രിക്കുക എന്നിവയാണ് ഈ സമിതിയുടെ ലക്ഷ്യം. എന്നാല്‍, കഴിഞ്ഞ ജനുവരിയില്‍ രൂപീകരിച്ചത് മുതല്‍ ഈ സമിതി ഗാസയില്‍ പ്രവേശിക്കുന്നത് ഇസ്രായേല്‍ തടഞ്ഞിരിക്കുകയാണ്.
‘ഹിസ്ബുല്ല മാതൃക’യെന്ന് ഇസ്രായേല്‍
ഹമാസിന്റെ ഈ നീക്കത്തെ ഇസ്രായേല്‍ ശക്തമായി എതിര്‍ത്തു. ലബനനിലെ ‘ഹിസ്ബുല്ല മാതൃക’ ഗാസയിലും നടപ്പിലാക്കാനുള്ള തന്ത്രമാണെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഗിദിയോന്‍ സാര്‍ ആരോപിച്ചു. അതായത്, സിവില്‍ ഭരണവും മാലിന്യ നിര്‍മാര്‍ജനവും പോലുള്ള നഗരസഭാ കാര്യങ്ങള്‍ സാങ്കേതിക സമിതി നോക്കുമ്പോഴും, ഗാസയിലെ പ്രധാന സൈനിക ശക്തിയായി ഹമാസ് തന്നെ തുടരും. ആയുധങ്ങള്‍ ഹമാസിന്റെ കൈകളില്‍ ഇരിക്കുന്നിടത്തോളം കാലം ഏതൊരു സിവില്‍ ഗവണ്‍മെന്റും അവരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കൂ എന്ന് ഇസ്രായേല്‍ ചൂണ്ടിക്കാണിക്കുന്നു. ട്രംപിന്റെ സമാധാന പദ്ധതി പ്രകാരം ഹമാസ് പൂര്‍ണമായും ആയുധം താഴെവെക്കണമെന്നാണ് ഇസ്രായേലിന്റെ നിലപാട്.
അടുത്തത് എന്ത്?
ഹമാസിന്റെ പ്രഖ്യാപനം കേവലം ‘പ്രതീകാത്മകം’ മാത്രമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ആയുധങ്ങള്‍ ഉപേക്ഷിക്കാന്‍ ഹമാസ് തയ്യാറാകാത്തതാണ് ഇപ്പോഴത്തെ പ്രധാന തര്‍ക്കവിഷയം. ഗാസയിലെ ഭൂരിഭാഗം പ്രദേശങ്ങളും ഇസ്രായേലിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായതിനാലും, വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ തുടരുന്നതിനാലും ആയുധം ഉപേക്ഷിക്കില്ലെന്ന കര്‍ശന നിലപാടിലാണ് ഹമാസ്.
മറുവശത്ത്, ഈ പ്രഖ്യാപനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ വാഗ്ദാനങ്ങളേക്കാള്‍ ഹമാസിന്റെ പ്രവൃത്തികളെ നോക്കിയായിരിക്കും തീരുമാനമെന്നും ട്രംപിന്റെ ‘ബോര്‍ഡ് ഓഫ് പീസ്’ സമിതി അറിയിച്ചു. ഗാസയിലെ മുഴുവന്‍ ആയുധങ്ങളും എന്‍സിഎജി സമിതിയുടെ കീഴിലേക്ക് കൊണ്ടുവരണമെന്നും എങ്കില്‍ മാത്രമേ യഥാര്‍ത്ഥ ഭരണമാറ്റം സാധ്യമാകൂ എന്നും സമാധാന സമിതി വ്യക്തമാക്കിയിട്ടുണ്ട്. ഇരുവിഭാഗങ്ങളും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത സാഹചര്യത്തില്‍ ഗാസയുടെ ഭാവി ഭരണം എങ്ങനെയാകുമെന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്.

















