ശ്രീനഗര്‍: ക്രൂരതയുടേയും കനിവിന്റേയും രണ്ട് മുഖങ്ങള്‍ ഒരേ പേരില്‍. രണ്ട് ആദിലുമാരുടെ ജീവിതമാണിത്. ഒരേ പേരില്‍ രണ്ട് വ്യത്യസ്ത വഴികളിലൂടെയാണ് അവര്‍ സഞ്ചരിച്ചത്. ഒരാള്‍ ഭീകരരില്‍ നിന്ന് വിനോദ സഞ്ചാരികളെ രക്ഷിക്കാന്‍ ശ്രമിച്ച് വെടിയേറ്റ് മരിച്ചപ്പോള്‍ മറ്റൊരാള്‍ നിഷ്‌കളങ്കരായ മനുഷ്യരെ ദയയില്ലാതെ വെടിവെച്ച് വീഴ്ത്തി.
ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തയ്ബയില്‍ അംഗമാണ് ആദില്‍ ഹുസൈന്‍ തോക്കറെങ്കില്‍ കുതിരക്കാരനായിരുന്നു ആദില്‍ ഹുസൈന്‍ ഷാ.കുടുംബത്തിന്റെ അത്താണിയായിരുന്ന ആദില്‍ ഹുസൈന്‍ ഷാ ഭയമില്ലാതെ ഭീകരരുടെ തോക്ക് പിടിച്ച് വാങ്ങി തനിക്കൊപ്പമുള്ള വിനോദ സഞ്ചാരികളെ രക്ഷിക്കാന്‍ ശ്രമിച്ചതു കൊണ്ടാണ് ജീവന്‍ നഷ്ടപ്പെട്ടത്. പഹല്‍ഗാം പട്ടണത്തില്‍ നിന്ന് 6 കിലോമീറ്റല്‍ അകലെയുള്ള പുല്‍മേട്ടിലേയ്ക്ക് വിനോദ സഞ്ചാരികളെ കുതിരപ്പുറത്ത് കൊണ്ടുപോകലായിരുന്നു ജീവിത മാര്‍ഗം. കൊല്ലപ്പെട്ടവരില്‍ ഏക കശ്മീരിയാണ് ആദില്‍ ഹുസൈന്‍ ഷാ.
2018 ല്‍ പാക്കിസ്ഥാനിലേക്കുപോയ ആദില്‍ തോക്കര്‍ ലഷ്‌കര്‍ ഇ തയ്ബയില്‍ ചേര്‍ന്നു. 2024 ല്‍ നിയന്ത്രണ രേഖ കടന്ന് ഇന്ത്യയിലേക്കു നുഴഞ്ഞുകയറി ഭീകരപ്രവര്‍ത്തനങ്ങളില്‍ മുഴുകി. പെഹല്‍ഗാമില്‍ വെടിയുതിര്‍ത്ത ഭീകരരില്‍ ഇയാളുമുണ്ടായിരുന്നെന്നു സാക്ഷികള്‍ തിരിച്ചറിഞ്ഞു.
അതേസമയം ആദില്‍ ഹുസൈനെക്കുറിച്ച് കഴിഞ്ഞ എട്ട് വര്‍ഷമായി ഒരു വിവരവും വീട്ടുകാര്‍ക്കില്ല. കശ്മീരിലെ ബിജ് ബഹേര സ്വദേശിയാണ് ഇയാള്‍. വീടിന് അടുത്തുള്ള വിദ്യാഭ്യാസ സ്ഥാപനത്തിലാണ് ആദില്‍ അധ്യാപകനായി ജോലി ചെയ്തിരുന്നത്. ബിരുദാനന്തര ബിരുദ ധാരിയാണ്.2018ലാണ് വാഗ അതിര്‍ത്തിയിലൂടെ ആദില്‍ പാകിസ്ഥാനിലെത്തിയത്. ഭീകരപ്രവര്‍ത്തനത്തില്‍ പരിശീലനം നേടിയ ശേഷം കഴിഞ്ഞ വര്‍ഷമാണ് ജമ്മുകശ്മീരിലേയ്ക്ക് മടങ്ങിയതെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു. പാകിസ്ഥാന്‍ ഭീകരരുടെ ഗൈഡായും ഇയാള്‍ പ്രവൃത്തിച്ചിരുന്നതായാണ് വിവരം.