ഡല്‍ഹി: പ്രധാനമന്ത്രി ജന്‍ ധന്‍ യോജന അക്കൗണ്ട് ഉടമകള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. ദീര്‍ഘകാലമായി പ്രധാനമന്ത്രി ജന്‍ ധന്‍ യോജന അക്കൗണ്ടുമായി ബന്ധപ്പെട്ട് കെവൈസി അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ ഉടന്‍ തന്നെ ചെയ്യാനാണ് നിര്‍ദേശം. ഇതിനായി ബാങ്കിലേക്ക് ഓടേണ്ടതില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അക്കൗണ്ട് ഉടമകള്‍ക്ക് വീട്ടുപടിക്കല്‍ സേവനം നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഇതിന്റെ ഭാഗമായി ബാങ്കുകള്‍ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.
രാജ്യത്തുടനീളമുള്ള ബാങ്കുകള്‍ സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാനും ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളുടെ കെവൈസി അപ്‌ഡേറ്റ് പൂര്‍ത്തിയാക്കാനും ജൂലൈ ഒന്നുമുതല്‍ കാംപെയ്ന്‍ നടത്തി വരികയാണ്. സെപ്റ്റംബര്‍ 30 വരെയാണ് ദേശീയാടിസ്ഥാനത്തിലുള്ള ഈ കാംപെയ്ന്‍. ഈ പ്രചാരണത്തിന്റെ ഭാഗമായി നിലവിലുള്ള ജന്‍ ധന്‍ യോജന അക്കൗണ്ടുകളുടെയും മറ്റ് ബാങ്ക് അക്കൗണ്ടുകളുടെയും കെവൈസി പുനഃപരിശോധിക്കല്‍, ബാങ്കിംഗ് സൗകര്യമില്ലാത്ത മുതിര്‍ന്നവര്‍ക്കായി ജന്‍ ധന്‍ യോജന അക്കൗണ്ടുകള്‍ തുറക്കല്‍, സാമൂഹിക സുരക്ഷാ പദ്ധതികളില്‍ ചേര്‍ക്കല്‍ തുടങ്ങി വിവിധ സേവനങ്ങള്‍ വീട്ടുപടിക്കല്‍ നല്‍കുന്നതിനായി ബാങ്കുകള്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ ക്യാമ്പുകള്‍ നടത്തി വരികയാണ്. ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനും ക്യാമ്പുകളില്‍ നടപടി സ്വീകരിച്ച് വരികയാണ്.
ക്യാമ്പിലെ സേവനങ്ങള്‍
പഴയ ജന്‍ ധന്‍ അക്കൗണ്ടുകളുടെയും മറ്റ് ബാങ്ക് അക്കൗണ്ടുകളുടെയും പുനഃപരിശോധന, അതായത് കെവൈസി അപ്‌ഡേറ്റ് സൗജന്യമായി ചെയ്യുന്നു.
ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കായി പുതിയ ജന്‍ ധന്‍ അക്കൗണ്ടുകള്‍ തുറക്കുന്നു
പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജന (പിഎംജെജെബിവൈ), പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന (പിഎംഎസ്ബിവൈ), അടല്‍ പെന്‍ഷന്‍ യോജന (എപിവൈ) തുടങ്ങിയ പ്രധാന പദ്ധതികളില്‍ പേര് രജിസ്റ്റര്‍ ചെയ്യാം
ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങളെക്കുറിച്ചുള്ള അവബോധം ഈ ക്യാമ്പുകളില്‍ പ്രചരിപ്പിക്കുകയും ഉപഭോക്തൃ പരാതികള്‍ പരിഹരിക്കുകയും ചെയ്യുന്നു.