ഡൽഹി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. കറാച്ചിയിലെ വിഷബാധയേറ്റതിനെ തുടര്‍ന്ന് ദാവൂദിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ദാവൂദിന് എങ്ങനെ വിഷബാധയേറ്റുവെന്നോ അതിനെക്കുറിച്ചുള്ള വിശദാംശങ്ങളോ ലഭ്യമായിട്ടില്ല.
കര്‍ശന സുരക്ഷാ സന്നാഹങ്ങളോടെയാണ് ദാവൂദ് കറാച്ചിയിലെ ആശുപത്രിയില്‍ കഴിയുന്നത്. ആശുപത്രിയിലെ ഒരു നില മുഴുവന്‍ ഇതിനായി സജ്ജീകരിച്ചിരിക്കുന്നു. ഇവിടെ നിന്ന് മറ്റ് രോഗികളെയും ജീവനക്കാരെയുമെല്ലാം മാറ്റി.
ആശുപത്രിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും അടുത്ത കുടുംബാംഗങ്ങള്‍ക്കും മാത്രമാണ് ഈ നിലയിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ദാവൂദ് ഇബ്രാഹിമിനെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ ശേഖരിക്കാന്‍ മുംബൈ പൊലീസ് ശ്രമം തുടങ്ങിയിയിട്ടുണ്ട്. 25 ലക്ഷം രൂപയാണ് ദാവൂദിൻ്റെ തലയ്ക്ക് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ വിലയിട്ടിരിക്കുന്നത്. ഇതിനിടെ, ദാവൂദിന് വിഷബാധയേറ്റതിനു പിന്നിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളാണെന്ന പ്രചാരണം ശക്തമായതോടെ പാകിസ്ഥാനിൽ ഇൻ്റർനെറ്റിന് നിയന്ത്രണമേർപ്പെടുത്തി.



















