പാസ്പോർട്ട് വിട്ടു നൽകണം; ദിലീപ് കോടതിയിൽ അപേക്ഷ നൽകി, എതിർത്ത് പ്രോസിക്യൂഷൻ

Dec 12, 2025

കൊച്ചി: പാസ്പോർട്ട് വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് കോടതിയിൽ. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ദിലീപ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്നു ദിലീപ്. കേസില്‍ നിന്നും കുറ്റവിമുക്തനാക്കപ്പെട്ട സാഹചര്യത്തില്‍ പാസ്പോർട്ട് സ്ഥിരമായി വിട്ടു നൽകണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടിട്ടുള്ളത്.

നടിയെ ആക്രമിച്ച കേസിൽ ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് പാസ്പോർട്ട് സറണ്ടർ ചെയ്തിരുന്നത്. നിലവിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ കസ്റ്റഡിയിലാണ് പാസ്പോർട്ട് ഉള്ളത്. എന്നാൽ പ്രോസിക്യൂഷൻ പാസ്പോർട്ട് വിട്ടുകൊടുക്കുന്നതിനെ എതിർത്തു. ദിലീപിന്റെ പാസ്‌പോർട്ട് വിട്ടുകൊടുക്കരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

നേരത്തെ ഒന്നിലധികം തവണ ദിലീപിന് കോടതി പാസ്‌പോര്‍ട്ട് വിട്ടുനല്‍കിയിരുന്നു. വിദേശയാത്രയ്ക്ക് ശേഷം ദിലീപ് പാസ്പോർട്ട് വീണ്ടും കോടതിയിൽ സറണ്ടർ ചെയ്യുകയായിരുന്നു. നടിയെ ആക്രമിച്ച കേസിൽ ​ഗൂ‌ഢാലോചന കുറ്റം തെളിയിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എട്ടാം പ്രതിയായിരുന്ന ദിലീപിനെ പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി കുറ്റവിമുക്തനാക്കിയത്.

LATEST NEWS