ഡല്‍ഹി: പാകിസ്ഥാനുമായുള്ള തര്‍ക്കവിഷയങ്ങളില്‍ ഇന്ത്യക്ക് മൂന്നാംകക്ഷിയുടെ മധ്യസ്ഥത വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്ഥാനുമായുള്ള പ്രശ്നങ്ങളില്‍ ഇന്ത്യ ഒരിക്കലും ഒരാളുടെയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ല. അത് ഒരിക്കലും അംഗീകരിക്കുകയില്ലെന്നും മോദി വ്യക്തമാക്കി. യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിലാണ് മോദി ഇന്ത്യയുടെ നിലപാട് അറിയിച്ചത്. മോദിയും ട്രംപും തമ്മിലുള്ള ഫോണ്‍ സംഭാഷണം 35 മിനിറ്റ് നീണ്ടുനിന്നു.
കാനഡയില്‍ നടന്ന ജി7 ഉച്ചകോടിക്കിടെയാണ് മോദിയും ട്രംപും സംസാരിച്ചതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറും പഹല്‍ഗാം ഭീകരാക്രമണവും സംഭാഷണത്തില്‍ ചര്‍ച്ചയായെന്നും മിസ്രി അറിയിച്ചു. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട നടപടികള്‍ മോദി വിശദീകരിച്ചു. ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ അമേരിക്കയുടെ മധ്യസ്ഥതയോ, ഇന്ത്യ- അമേരിക്ക വ്യാപാര ഉടമ്പടിയോ മോദി- ട്രംപ് സംഭാഷണത്തില്‍ ചര്‍ച്ചയായില്ലെന്നും വിക്രം മിസ്രി വ്യക്തമാക്കി.
ജി7 ഉച്ചകോടിയില്‍ നിന്ന് ഡോണള്‍ഡ് ട്രംപ് നേരത്തെ മടങ്ങിയതിന് പിന്നാലെയാണ് യു എസ് പ്രസിഡന്റിനെ നരേന്ദ്രമോദി ഫോണില്‍ വിളിച്ച് സംസാരിച്ചത്. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ അമേരിക്കയുടെ മധ്യസ്ഥത പോലുള്ള വിഷയങ്ങള്‍ ഒരു ഘട്ടത്തിലും ചര്‍ച്ചയായില്ല. സൈനിക നടപടി നിര്‍ത്തിവെക്കുന്നതു സംബന്ധിച്ച് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍, നിലവിലുള്ള രണ്ട് സൈന്യങ്ങള്‍ തമ്മില്‍ നേരിട്ട് നേരിട്ട് ചര്‍ച്ച ചെയ്തു. പാകിസ്ഥാന്റെ അഭ്യര്‍ത്ഥന പ്രകാരമായിരുന്നു വെടിനിര്‍ത്തലിന് ഇന്ത്യ സമ്മതിച്ചതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.
പാകിസ്ഥാനുമായുള്ള പ്രശ്നങ്ങളില്‍ ഇന്ത്യ ഒരിക്കലും മധ്യസ്ഥത സ്വീകരിച്ചിട്ടില്ല. ഇപ്പോഴും അത് സ്വീകരിക്കില്ലെന്നും ഒരിക്കലും അങ്ങനെ ചെയ്യില്ല. ഈ വിഷയത്തില്‍ രാജ്യത്ത് പൂര്‍ണ്ണമായ രാഷ്ട്രീയ ഐക്യമുണ്ട് എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപിനെ അറിയിച്ചുവെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ട്രംപ് നേരത്തെ മടങ്ങിയതിനാല്‍ കൂടിക്കാഴ്ച നടന്നില്ല. ഇതേത്തുടര്‍ന്നാണ് മോദിയും ട്രംപും ഫോണില്‍ സംസാരിച്ചത്.
ജി 7 ഉച്ചകോടി കഴിഞ്ഞ് കാനഡയില്‍ നിന്നും മടങ്ങുമ്പോള്‍ അമേരിക്കയില്‍ ഇറങ്ങാന്‍ ട്രംപ് മോദിയെ ക്ഷണിച്ചു. എന്നാല്‍ മുന്‍കൂട്ടി തീരുമാനിച്ച കാര്യങ്ങള്‍ ഉള്ളതിനാല്‍ ഇപ്പോള്‍ അമേരിക്കയില്‍ ഇറങ്ങാനാവില്ലെന്ന് മോദി അറിയിച്ചു. സമീപഭാവിയില്‍ തന്നെ പരസ്പരം കൂടിക്കാനാകുമെന്നും ഇതുനേതാക്കളും ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ട്രംപിനെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തുവെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. ഇന്ത്യ- പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്ക ഇടപെട്ടുവെന്ന് ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു.