തിരുവനന്തപുരം: റോഡപകടത്തില്‍ പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പത്ത് മാസം പ്രായമായ കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്തു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ 10 മാസം പ്രായമുള്ള ആലിന് ഷെറിന് എബ്രഹാമിന്റെ അവയവങ്ങളാണ് ദാനം ചെയ്തത്. അവയവദാനത്തിന് രക്ഷിതാക്കള്‍ സന്നദ്ധത അറിയിച്ചതോടെ സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായും ആലിന് ഷെറിന് എബ്രഹാം മാറി.
പെണ്‍കുഞ്ഞിന്റെ രണ്ട് വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയിലുള്ള 10 വയസുള്ള കുട്ടിക്ക് നല്‍കും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്. തീവ്രദു:ഖത്തിലും മറ്റുള്ളവരുടെ ജീവന് നിലനിര്‍ത്തുന്നതിന് വേണ്ടി മാതാപിതാക്കള്‍ എടുത്ത തീരുമാനത്തിന് നന്ദി അറിയിക്കുന്നതായും മന്ത്രി പ്രതികരിച്ചു.

















