മസ്കറ്റ്: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതിനിടെ, ഒമാനില്‍ ഡ്രോണുകള്‍ വീണ് രണ്ടുപേര്‍ മരിച്ചു. ഒമാനിലെ സോഹാറില്‍ ഡ്രോണ്‍ അവശിഷ്ടങ്ങള്‍ വീണ് രണ്ട് പ്രവാസി തൊഴിലാളികളാണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഒമാനിലെ സോഹാര്‍ പ്രവിശ്യയിലെ അല്‍ അവാഹി വ്യവസായ മേഖലയിലാണ് ഡ്രോണ്‍ അവശിഷ്ടങ്ങള്‍ പതിച്ചത്. സോഹാര്‍ പ്രവിശ്യയില്‍ മറ്റൊരു ഡ്രോണ്‍ വെടിവെച്ചിട്ടുവെന്ന് സോഹാര്‍ ഗവര്‍ണറേറ്റ് വ്യക്തമാക്കി.
തുര്‍ക്കിയിലെ തെക്കുകിഴക്കന്‍ നഗരമായ അദാനയ്ക്ക് സമീപമുള്ള ഇന്‍സിര്‍ലിക് വ്യോമതാവളത്തില്‍ സൈറണുകള്‍ മുഴങ്ങി. യുഎസ് സൈനികരെ വിന്യസിച്ചിട്ടുള്ള പ്രധാന നാറ്റോ കേന്ദ്രമാണ് ഇന്‍സിര്‍ലിക് വ്യോമതാവളം. തുര്‍ക്കിയിലേക്ക് വന്ന രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ നാറ്റോ വ്യോമ പ്രതിരോധ സേന തടഞ്ഞു.

ഇറാനിലെ ടെഹ്റാന് സമീപ നഗരമായ കരാജില്‍ ഒന്നിലേറെ സ്ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. ടെഹ്റാനിലെ നിരവധി പ്രദേശങ്ങളില്‍ സ്ഫോടനങ്ങള്‍ ഉണ്ടായതായി തസ്നിം വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലെബനനില്‍ ഹിസ്ബുള്ളയ്ക്കെതിരായ ആക്രമണം ഇസ്രയേല്‍ ശക്തമാക്കിയിരിക്കുകയാണ്.


















