ദുബൈ: നിരത്തുകളില്‍ കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനും നഗരവ്യാപക ബോധവല്‍ക്കരണ ക്യംപയ്‌നുമായി ദുബൈ പൊലീസ്. ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പൊലീസ് സ്റ്റേഷന്‍സും ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാഫിക്കും സഹകരിച്ചാണ് ക്യാംപയിന്‍ സംഘടിപ്പിക്കുന്നത്. കാല്‍നടയാത്രക്കാരെയും വാഹനമോടിക്കുന്നവരെയും ഗതാഗത നിയന്ത്രണങ്ങള്‍, നിയുക്ത ക്രോസിങ് പോയിന്റുകള്‍, ട്രാഫിക് സിഗ്‌നലുകള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് ബോധവല്‍ക്കരിക്കുകയാണ് ലക്ഷ്യം.
സീബ്ര ക്രോസിങ്ങുകള്‍ അല്ലാത്ത സ്ഥലങ്ങളിലൂടെ റോഡ് മുറിച്ചുകടക്കുന്നവര്‍ക്കും ട്രാഫിക് സിഗ്‌നലുകള്‍ ലംഘിക്കുന്നവര്‍ക്കും 400 ദിര്‍ഹം (ഏകദേശം 9,000-ത്തോളം ഇന്ത്യന്‍ രൂപ) പിഴ ചുമത്തുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. ദുബൈയിലെ വിവിധ പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് പ്രചാരണം നടക്കുന്നത്.
റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ഗതാഗത നിയമങ്ങള്‍ പാലിക്കുന്ന സംസ്‌കാരം വളര്‍ത്തുന്നതിനുമുള്ള ദുബൈ പൊലീസിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പൊലീസ് സ്റ്റേഷന്‍സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മജീദ് സുല്‍ത്താന്‍ അല്‍ സുവൈദി പറഞ്ഞു. നിശ്ചിത ക്രോസിങ്ങുകള്‍ ഉപയോഗിക്കുന്നതും റോഡ് മുറിച്ചുകടക്കുമ്പോള്‍ ജാഗ്രത പാലിക്കുന്നതും അപകടങ്ങള്‍ ഒഴിവാക്കാനും ജീവന്‍ സംരക്ഷിക്കാനും അത്യാവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.



















