ബംഗളൂരു: ആഭ്യന്തര ക്രിക്കറ്റ് പോരാട്ടമായ ദുലീപ് ട്രോഫിക്ക് ഇന്ന് തുടക്കം. മത്സരം തുടങ്ങാൻ മണിക്കൂറുകൾ മാത്രം നിൽക്കെ മലയാളി താരം സഞ്ജു സാംസൺ ടീമിലെത്തി. ഇന്ന് രാവിലെ 9.30 മുതലാണ് പോരാട്ടം. അതിനിടെയാണ് അപ്രതീക്ഷിതമായി മലയാളി താരത്തിനു വിളിയെത്തിയത്. ദുലീപ് ട്രോഫി പോരാട്ടത്തിലെ പ്രകടനം ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുമെന്നതിനാൽ താരങ്ങൾക്ക് മുന്നിൽ മികച്ച അവസരമാണ്.
ഇന്ത്യയുടെ എ, ബി, സി, ഡി ടീമുകളാണ് ദുലീപ് ട്രോഫിക്കായി മത്സരിക്കുന്നത്. ഇതിൽ ഡി ടീമിലാണ് സഞ്ജു വിക്കറ്റ് കീപ്പർ ബാറ്ററായി ടീമിലെത്തിയത്. ഡി ടീമിലുണ്ടായിരുന്ന ഇഷാൻ കിഷനു പരിക്കേറ്റതോടെയാണ് സഞ്ജുവിന് വിളിയെത്തിയത്. ഇഷാന് കാലിനു പരിക്കേറ്റതാണ് വിനയായത്. ഡി ടീമിനെ ശ്രേയസ് അയ്യരാണ് നയിക്കുന്നത്.
പരിക്കേറ്റതിനാല്‍ ഇന്ത്യൻ ടി20 നായകൻ സൂര്യകുമാർ യാദവ്, പേസർ പ്രസിദ്ധ് കൃഷ്ണ എന്നിവരും ദുലീപ് ട്രോഫിയിലെ ആദ്യ മത്സരങ്ങൾ കളിക്കില്ല. മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവരും ടൂർണമെന്റിൽ നിന്നു പിൻമാറി.
ഇന്ന് രാവിലെ 9.30 മുതൽ ഋതുരാജ് ഗെയ്ക്‌വാദ് നായകനായ സി ടീമിനെതിരെയാണ് ഡി ടീമിൻറെ ആദ്യ പോരാട്ടം. അനന്തപുർ റൂറൽ ഡെവലപ്മെൻറ് സ്റ്റേഡിയത്തിലാണ് ഈ മത്സരം. ഇതേ സമയത്തു തന്നെ ഇന്ത്യ എ, ബി ടീമുകളുടെ പോരാട്ടവും അരങ്ങേറും. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.