ഡല്‍ഹി സ്‌ഫോടനം: അല്‍ ഫലാഹ് സര്‍വകലാശാല അടക്കം 25 ഇടങ്ങളില്‍ ഇഡി റെയ്ഡ്

Nov 18, 2025

ഡല്‍ഹി: ചെങ്കോട്ട കാര്‍ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് അല്‍ ഫലാഹ് സര്‍വകലാശാല അടക്കം 25 ഇടങ്ങളില്‍ ഇഡി റെയഡ്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് ശേഖരിച്ചതുമായി ബന്ധപ്പെട്ടാണ് ഫരീദാബാദ് അല്‍ഫലാഹ സര്‍വകലാശാലയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ഇഡി പരിശോധന നടത്തുന്നത്. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മൂന്നു ഡോക്ടര്‍മാരുടെ പങ്ക് വെളിപ്പെട്ടതോടെയാണ് ഫരീദാബാദിലെ അല്‍ഫലാഹ് സര്‍വകലാശാല അന്വേഷണ ഏജന്‍സികളുടെ സംശയ നിഴലിലായത്.

ഭീകരസംഘത്തിന് സാമ്പത്തിക സഹായങ്ങള്‍ ലഭിച്ചതുമായി ബന്ധപ്പെട്ട് അന്വേഷിക്കാനുള്ള സര്‍ക്കാരിന്റെ ഉത്തരവിനെ തുടര്‍ന്നാണ് കേന്ദ്ര ഏജന്‍സിയുടെ നടപടി. ഫരീദാബാദിലെ 70 ഏക്കര്‍ വിസ്തൃതിയുള്ള ഓഖ്ലയിലെ ഓഫീസും റെയ്ഡ് ചെയ്യപ്പെട്ട സ്ഥലങ്ങളില്‍ ഉള്‍പ്പെടുന്നു. സര്‍വകലാശാലയുടെ അക്കൗണ്ടുകള്‍ ഫോറന്‍സിക് ഓഡിറ്റിന് വിധേയമാക്കാനും ഉത്തരവിട്ടിട്ടുണ്ട്. ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്.

സ്ഫോടന കേസ് എന്‍ഐഎ അന്വേഷിക്കുമ്പോള്‍, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സാമ്പത്തിക കുറ്റകൃത്യ വിഭാഗവും ഭീകരപ്രവര്‍ത്തനത്തിന് സര്‍വകലാശാലയുടെ ധനസഹായം ലഭിച്ചിരുന്നോയെന്നും, സംഘത്തിന്റെ പ്രവര്‍ത്തനത്തിന്റെ മറ്റ് വശങ്ങളും അന്വേഷിക്കുന്നു. അൽ ഫലാഹ് സര്‍വകലാശാലയുടെ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റീസ് (എഐയു) അംഗത്വം റദ്ദാക്കിയിരുന്നു. സര്‍വകലാശാലയ്ക്കെതിരെ വ്യാജ രേഖ ചമയ്ക്കല്‍, വഞ്ചന കുറ്റങ്ങള്‍ പ്രകാരം ഡൽഹി പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. 2014-ൽ സ്ഥാപിതമായ അൽ-ഫലാഹ് യൂണിവേഴ്സിറ്റിക്ക്, പിറ്റേ വർഷം യുജിസിയുടെ അംഗീകാരം ലഭിച്ചിരുന്നു.

LATEST NEWS