എൽദോസ് കുന്നപ്പിള്ളിൽ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരായി; അറസ്റ്റ് രേഖപ്പെടുത്തും

Oct 22, 2022

seena

തിരുവനന്തപുരം: ബലാത്സം​ഗ കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരായി. എൽദോസിന്റെ അറസ്റ്റ് രേഖപ്പെടുത്തും. എൽദോസ് അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് അഭിഭാഷകൻ അഡ്വക്കേറ്റ് കുറ്റിയാനി സുധീർ വ്യക്തമാക്കി. മൊബൈൽ, പാസ്പോർട്ട് എന്നിവ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. എഫ്ഐആർ റദ്ദാക്കാൻ കോടതിയെ സമീപിക്കില്ലെന്നും കേസുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൽദോസിന് ജില്ലാ സെഷൻസ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചുവെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്നായിരുന്നു കോടതി ഉത്തരവ്. എൽദോസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയും തെളിവെടുപ്പും നടത്തും. പത്തു ദിവസം അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ ഹാജരാകാനാണ് കോടതി നിർദ്ദേശം. ബലാത്സംഗ കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ പരാതിക്കാരിയെ നവമാധ്യമങ്ങള്‍ വഴി ആക്ഷേപിച്ചുവെന്ന പരാതിയിൽ മറ്റൊരു കേസ് കൂടി പൊലീസ് എൽദോസിനെതിരെ എടുത്തിരുന്നു. പേട്ട പൊലീസാണ് കേസെടുത്തത്. കേസിൽ പ്രതിയായതിനെ തുടർന്ന് ഒളിവിലായിരുന്ന എൽദോസ് ജാമ്യം ലഭിച്ചതിന് പിന്നാലെ ഇന്നലെ പെരുമ്പാരൂരിലെ വീട്ടിലെത്തിയിരുന്നു.

ഒളിവ് ജീവിതത്തിന് ശേഷം പുറത്ത് വന്ന എല്‍ദോസ് ഒരു തെറ്റും ചെയ്തില്ലെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ആവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനം വിട്ട് പോയിട്ടില്ലെന്നും ഫോണില്‍ കിട്ടിയില്ല എന്നത് കൊണ്ട് ഒളിവിലായിരുന്നു എന്ന് പറയാന്‍ കഴിയില്ലെന്നും എംഎല്‍എ പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ കോടതി ഉത്തരവ് പരിശോധിച്ച്, വക്കീലുമായി സംസാരിച്ച ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു.

അതേസമയം, ബലാത്സംഗ കേസിൽ ആരോപണ വിധേയനായ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ വിളിച്ചതായി കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ ഇന്നലെ വ്യക്തമാക്കി. ഒളിവിൽ പോയതിൽ എൽദോസ് ഖേദം അറിയിച്ചതായും സുധാകരൻ പറഞ്ഞു. എൽദോസിനെതിരെ നടപടി എടുക്കുന്നതിൽ നേതാക്കളുമായി ചർച്ച നടത്തും. മുൻകൂർ ജാമ്യം നൽകാൻ കോടതി കണക്കിലെടുത്ത കാരണങ്ങൾ പരിശോധിക്കും.
സംഭവത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന എൽദോസിന്റെ ആരോപണവും പരിശോധിക്കുമെന്ന് കെ സുധാകരൻ പറഞ്ഞു.

cake tower new
LATEST NEWS