ഉപതെരഞ്ഞെടുപ്പ് ഫല സൂചനകൾ പുറത്തുവരുമ്പോൾ പാലക്കാട് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന്റെയും യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെയും ലീഡ് നില മാറിമറിയുന്നു. പോസ്റ്റൽ വോട്ടിൽ മുന്നിലെത്തിയ ബിജെപിയെ മറി കടന്ന് യുഡിഎഫ് ആണ് നിലവിൽ പാലക്കാട് ലീഡ് ചെയ്യുന്നത്. വാശിയേറിയ പോരാട്ടത്തിനാണ് പാലക്കാടൻ മണ്ണ് സാക്ഷിയാകുന്നത്. ഏഴ് റൗണ്ടുകൾ പൂർത്തിയാകുമ്പോഴാണ് രാഹുൽ മാങ്കൂട്ടത്തിൽ ലീഡ് ചെയ്യുന്നത്. 14 റൗണ്ട് ആണ് പാലക്കാട് എണ്ണാനുള്ളത്.
അതേസമയം രാഷ്ട്രീയ വിജയം ഉണ്ടാകണേൽ ചേലക്കര പിടിക്കണമെന്ന യുഡിഎഫിന്റെ ആഗ്രഹങ്ങൾക്ക് തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ചേലക്കരയിൽ തുടക്കം മുതൽ ലീഡ് നിലനിർത്തിയ എൽഡിഎഫ് മുന്നേറുകയാണ്. എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപിന്റെ ലീഡ് പതിനായിരത്തോട് അടുക്കുകയാണ്. വോട്ടെണ്ണലിൽ ഇതുവരെ രമ്യ ഹരിദാസിന് ലീഡ് പിടിക്കാൻ കഴിഞ്ഞിട്ടില്ല. 13 റൗണ്ട് ആണ് ചേലക്കരയിൽ എണ്ണുന്നത്. എൽഡിഎഫ് വിജയം ഉറപ്പിച്ച് ചേലക്കരയിൽ പലയിടത്തും സിപിഐഎം പ്രവർത്തകർ ആഘോഷം ആരംഭിച്ചു