ആലപ്പുഴയില്‍ കെട്ടുകാഴ്ച വൈദ്യുതി ലൈനില്‍ തട്ടി; മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു

Feb 12, 2024

ആലപ്പുഴ: ചുനക്കര തിരുവൈരൂര്‍ മഹാദേവര്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലേക്ക് കൊണ്ടുവന്ന കെട്ടുകാഴ്ച വൈദ്യുതി ലൈനില്‍ തട്ടി 3 പേര്‍ക്ക് വൈദ്യുതാഘാതവും പൊള്ളലുമേറ്റു. ഗുരുതരമായി പൊള്ളലേറ്റ കരിമുളയ്ക്കല്‍ വഴിയുടെ തെക്കേതില്‍ അമല്‍ചന്ദ്രന്‍ (22), ധന്യാഭവനം ധനരാജ്(20) എന്നിവരെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലും നിസ്സാര പൊള്ളലേറ്റ ഇന്ദുഭവനം അനന്തുവിനെ (24) കറ്റാനത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വൈദ്യുത ലൈനില്‍ തട്ടിയതിനെ തുടര്‍ന്ന് കെട്ടുകാഴ്ചയിലെ സ്വര്‍ണത്തില്‍ പൊതിഞ്ഞ പ്രഭടയുടെ (നെറ്റിപ്പട്ടത്തിന്റെ ഭാഗം) മുക്കാല്‍ ഭാഗവും കരിഞ്ഞു പോയി.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ കരിമുളയ്ക്കല്‍ കരയുടെ കെട്ടുകാഴ്ച തുരുത്തി ജംക്ഷന് വടക്കുവശത്തെ റോഡില്‍ എത്തിയപ്പോഴാണ് അപകടം. കെട്ടുകാഴ്ചയുടെ മധ്യഭാഗത്തും മുകളിലും നിന്നവര്‍ക്കാണ് പൊള്ളലേറ്റത്. കെട്ടുകാഴ്ചകള്‍ വരുന്നതിന്റെ ഭാഗമായി 11 മണിയോടെ ചുനക്കര ഭാഗത്തെ വൈദ്യുതി ലൈനുകള്‍ കെഎസ്ഇബി ഓഫ് ചെയ്‌തെങ്കിലും ഒരു ലൈന്‍ ഓഫ് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ മറന്നെന്നാണ് നാട്ടുകാരുടെ ആരോപണം.
സംഭവത്തെത്തുടര്‍ന്ന് കെട്ടുകാഴ്ച എഴുന്നള്ളിക്കല്‍ മുടങ്ങി. വൈകീട്ട് നാട്ടുകാര്‍ കെഎസ്ഇബി ഓഫിസ് ഉപരോധിച്ചു. അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന ഉന്നത ഉദ്യോഗസ്ഥരുടെ ഉറപ്പിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

LATEST NEWS