തിരുവനനപുരം: ഇലക്ട്രിക് വാഹനങ്ങളുടെ വർദ്ധനവ് കണക്കിലെടുത്ത്, ജില്ലയിലെ ഓരോ നിയമസഭാ നിയോജക മണ്ഡലത്തിലും ഒരു ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കാൻ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് പദ്ധതിയിടുന്നു.
ആദ്യ ഘട്ടത്തിൽ ഓരോ മണ്ഡലത്തിലും ഒരു ചാർജിംഗ് സ്റ്റേഷൻ എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. ഇതിനായി സ്ഥലലഭ്യത, ബഡ്ജറ്റ് എന്നിവ ഉൾപ്പെടെയുള്ള വിശദമായ കരട് രേഖ സമർപ്പിക്കാൻ കെ.എസ്.ഇ.ബി വിതരണ വിഭാഗം ഡയറക്ടർ ഫീൽഡ് ഓഫീസർമാർക്ക് നിർദ്ദേശം നൽകി.
എം.എൽ.എ ഫണ്ട് കൂടി പ്രയോജനപ്പെടുത്തിയാണ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുക. എം.എൽ.എയുമായി ബന്ധപ്പെട്ട് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനും നിർദ്ദേശമുണ്ട്.
നിലവിൽ ജില്ലയിൽ കെ.എസ്.ഇ.ബിയുടെ മൂന്ന് ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ മാത്രമാണുള്ളത്. മലപ്പുറം, പൊന്നാനി, തിരൂർ എന്നിവിടങ്ങളിലെ സബ് സ്റ്റേഷനുകളോട് ചേർന്നാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്.