എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

Sep 11, 2026

seena

ഡൽഹി: എൽനിനോ പ്രതിഭാസം ഇന്ത്യയിൽ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ദക്ഷിണേഷ്യയിൽ മഴയുടെ രീതിയിലും താപനിലയിലും ഉണ്ടാകുന്ന മാറ്റങ്ങൾ ഡെങ്കിപ്പനി പോലുള്ള കൊതുകുജന്യ രോ​ഗങ്ങളുടെ വ്യാപനത്തിനും അമിതചൂട് മൂലമുള്ള ആരോ​ഗ്യപ്രശ്നങ്ങൾക്കും സാഹചര്യമൊരുക്കുമെന്ന് ഡബ്ല്യുഎച്ച്ഒ വിശദീകരിക്കുന്നു. ഇന്ത്യയെ എൻനിനോയുടെ ആരോ​ഗ്യപ്രത്യാഘാതങ്ങൾ കൂടുതലായി അനുഭവപ്പെടാൻ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഡബ്ല്യുഎച്ച്ഒ ഉൾപ്പെടുത്തിയിരിക്കുന്നത്.

എന്താണ് എൽനിനോ?
പസഫിക് സമുദ്രത്തിലെ മധ്യ-കിഴക്കൻ ഉഷ്ണമേഖലാ ഭാഗങ്ങളിൽ സമുദ്രോപരിതല ജലത്തിന്റെ താപനില സാധാരണയേക്കാൾ ഉയരുന്ന കാലാവസ്ഥാ പ്രതിഭാസമാണ് എൽനിനോ. ഇത് പസഫിക് മേഖലയിലെ മാത്രം മാറ്റമല്ല. ആഗോളതലത്തിൽ കാറ്റിന്റെ ഗതിയിലും മഴയിലും താപനിലയിലും മാറ്റങ്ങൾ വരുത്താൻ ഇതിന് സാധിക്കും.

ഇന്ത്യയിൽ എൽനിനോയുടെ സ്വാധീനം മഴയിലും ചൂടിലും പ്രതിഫലിക്കാം. നിലവിലെ പസഫിക് സമുദ്രത്തിലെ താപനില കഴിഞ്ഞ 1000 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന എൽനിനോ പ്രതിഭാസത്തിലേക്കാണ് വിരൽചൂണ്ടുന്നത്. അത് ഈ വർഷം അവസാനത്തോടെ പാരമ്യത്തിലെത്തും. അടുത്തവർഷം ഫെബ്രുവരിവരെ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നത്.

എൽനിനോ എങ്ങനെ ഡെങ്കിപ്പനി സാധ്യത കൂട്ടുന്നു?

എൽനിനോ പ്രതിഭാസം നേരിട്ട് ഡെങ്കിപ്പനി ഉണ്ടാക്കുന്നില്ലെങ്കിലും താപനില, മഴ, ഈർപ്പം തുടങ്ങിയ കാലാവസ്ഥ ഘടകങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഏഡിസ് കൊതുകുകളുടെ പ്രജനനത്തിനും ഡെങ്കി വൈറസിന്റെ വ്യാപനത്തിനും അനുകൂലമായ സാഹചര്യം ഉണ്ടാക്കാം.

മഴയുടെ അളവിലും ഇടവേളകളിലും മാറ്റങ്ങളുണ്ടാകുമ്പോൾ വീടുകളിൽ വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഉണ്ടാകാം. അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്ന പാത്രങ്ങൾ, ടയറുകൾ, ബക്കറ്റുകൾ, ചെടിച്ചട്ടികൾ, ടെറസുകൾ തുടങ്ങിയ ഇടങ്ങളിലെ ചെറിയ വെള്ളക്കെട്ടുകൾ പോലും ഏഡിസ് കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങളാകാം. അതേസമയം, അമിത മഴയ്ക്ക് പിന്നാലെ ചൂടും ഈർപ്പവും കൂടുന്ന സാഹചര്യവും കൊതുകുകളുടെ പ്രജനനം വർധിപ്പിക്കാൻ ഇടയാക്കാം.

ചൂടും വലിയ ആരോഗ്യഭീഷണി

എൽനിനോ മൂലം ഇന്ത്യയിൽ ഉണ്ടാകുന്ന ഉയർന്ന താപനിലയാണ് ലോകാരോ​ഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്ന മറ്റൊരു പ്രധാന ആരോ​ഗ്യപ്രശ്നം. അമിത ചൂട് കാരണം നിർജലീകരണം, ഹീറ്റ്‌സ്‌ട്രോക്ക് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാം. നിലവിൽ ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ, വൃക്കരോഗങ്ങൾ, പ്രമേഹം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ളവരിൽ അമിതചൂട് രോഗാവസ്ഥ കൂടുതൽ ഗുരുതരമാക്കാനും സാധ്യതയുണ്ട്.

ചൂട് കൂടുമ്പോൾ ശരീരത്തിൽ നിന്ന് വിയർപ്പിലൂടെ കൂടുതൽ വെള്ളവും ലവണങ്ങളും നഷ്ടപ്പെടുന്നു. ആവശ്യത്തിന് വെള്ളം കുടിക്കാതിരുന്നാൽ നിർജലീകരണം ഉണ്ടാകാം. തലവേദന, ക്ഷീണം, തലകറക്കം, അമിതമായ വിയർപ്പ്, പേശിവേദന തുടങ്ങിയവ ചൂടുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളുടെ മുന്നറിയിപ്പ് ലക്ഷണങ്ങളാകാം. ശരീര താപനില അപകടകരമായ രീതിയിൽ ഉയർന്ന് ബോധം നഷ്ടപ്പെടുന്ന അവസ്ഥ, ആശയക്കുഴപ്പം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകുന്നത് ഹീറ്റ്സട്രോക്കിന്റേതാകാം. ഇത് അടിയന്തര ചികിത്സ ആവശ്യമായ അവസ്ഥയാണ്.

മഴ കുറയുന്നതും മറ്റൊരു പ്രശ്നം

എൽനിനോയുടെ സാഹചര്യത്തിൽ ചില പ്രദേശങ്ങളിൽ സാധാരണയെക്കാൾ കുറഞ്ഞ മഴയും കൂടുതൽ ചൂടും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നാണ് ഡബ്ല്യുഎച്ച്ഒയുടെ വിലയിരുത്തൽ. ദക്ഷിണേഷ്യയിലെ ചില മേഖലകളിൽ ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ ഇത്തരം വ്യതിയാനങ്ങൾ ആരോഗ്യത്തെ ബാധിക്കാമെന്നാണ് മുന്നറിയിപ്പ്.

മഴ കുറയുന്നത് വെള്ളത്തിന്റെ ലഭ്യതയെ ബാധിക്കാം. ജലക്ഷാമം ഉണ്ടാകുമ്പോൾ ശുചിത്വം പാലിക്കുന്നതിലും സുരക്ഷിതമായ കുടിവെള്ളം ഉറപ്പാക്കുന്നതിലും ബുദ്ധിമുട്ടുകൾ ഉണ്ടാകാം. അതേസമയം, ചില പ്രദേശങ്ങളിൽ പെട്ടെന്നുള്ള കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകുന്ന സാഹചര്യമുണ്ടെങ്കിൽ മലിനജലത്തിലൂടെ പകർച്ചവ്യാധികൾക്കുള്ള സാഹചര്യവും ഉണ്ടാകാം.

cake tower new
LATEST NEWS
ഒന്നര മണിക്കൂര്‍ മുന്‍പ് മൊബൈലില്‍ സന്ദേശം എത്തും; പവര്‍കട്ട് ഏകീകരിക്കും; ഒരാഴ്ച ഒരേസമയത്ത് വൈദ്യുതി നിയന്ത്രണം

ഒന്നര മണിക്കൂര്‍ മുന്‍പ് മൊബൈലില്‍ സന്ദേശം എത്തും; പവര്‍കട്ട് ഏകീകരിക്കും; ഒരാഴ്ച ഒരേസമയത്ത് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്തെ ലോഡ് ഷെഡിങ് നടപടികളില്‍ ഏകീകൃത സമയക്രമം പാലിക്കാന്‍ നിര്‍ദേശം....