കൊച്ചി: ആരാധകരുടെ കാത്തിരിപ്പിന് വിരാമം, മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എംപുരാന് റിലീസ് ആഘോഷമാക്കി മലയാളികള്‍. കേരളത്തിലെ 750 സ്ക്രീനുകള്‍ ഉള്‍പ്പെടെ ആഗോളതലത്തില്‍ റിലീസ് ചെയ്യുന്ന എംപുരാന്റെ ആദ്യ ഷോ ഇന്ന് രാവിലെ ആറിന് ആരംഭിച്ചു. കൊച്ചിയില്‍ ആദ്യ ഷോ കാണാന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങളും എത്തിയിട്ടുണ്ടായിരുന്നു. വന്‍ വിജയം നേടിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എംപുരാന്.
ചരിത്രത്തില്‍ ആദ്യമായി ഒരു മലയാള സിനിമയുടെ റിലീസിന് പ്രത്യേക സുരക്ഷയുള്‍പ്പെടെ ഒരുക്കി കേരള പൊലീസ് ഉള്‍പ്പെടെ കരുതലോടെയാണ് റിലീസിങ് ദിനത്തെ സമീപിച്ചിരിക്കുന്നത്. തിക്കും തിരക്കും മൂലമുള്ള അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണ് കനത്ത സുരക്ഷ.
റിലീസിന് മുന്‍പ് തന്നെ റെക്കോര്‍ഡ് സൃഷ്ടിച്ച എംപുരാന് മലയാളത്തിലെ ആദ്യ ദിന കളക്ഷനിൽ ആദ്യ 50 കോടി നേടുന്ന ചിത്രമായി മാറി. ലോകമെമ്പാടും നേടിയിരിക്കുന്ന അഡ്വാന്‍സ് ബുക്കിംഗിലൂടെയാണ് ഈ നേട്ടം.
ഖുറേഷി അബ്രാം അഥവാ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കേന്ദ്ര കഥാപാത്രമായി മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങി മലയാളം മുതല്‍ ഹോളിവുഡ് വരെയുള്ള താരങ്ങള്‍ അണിനിരക്കുന്നുണ്ട്.
2019ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എംപുരാന് നിര്‍മ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന് എന്നിവര്‍ ചേര്‍ന്നാണ്. മുരളി ഗോപിയുടേതാണ് തിരക്കഥ.
മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എംപുരാന്.
ഗെയിം ഓഫ് ത്രോണ്‍സിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്ളിന്നിന്റെ സാന്നിധ്യമാണ് ഇതില്‍ പ്രധാനം. ജെറോം ഫ്ലിന്‍, ബൈജു, സായ്കുമാര്, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ അയ്യപ്പന്, ഫാസില്‍, സച്ചിന് ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന് മാര്ട്ടിന്, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്, അനീഷ് ജി മേനോന്, ശിവദ, അലക്സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്സാദ് ഖാന്, നിഖാത് ഖാന്, സത്യജിത് ശര്‍മ്മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
ആറ്റിങ്ങലിലെ വിവിധ തീയേറ്ററുകളിലും ഫാൻസ് ഷോ ഉണ്ടായിരുന്നു. വാദ്യഘോഷങ്ങളുടെ അകമ്പടിയോടു കൂടിയാണ് ഷോ ആരംഭിച്ചത്. മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും വരുന്നത്

















