കൂത്തുപറമ്പ്: മമ്പറം കേളാലൂർ മഹാവിഷ്ണു-ഗണപതി ക്ഷേത്രക്കുളത്തിൽ വ്യാഴാഴ്ച രാവിലെ മുങ്ങിമരിച്ചയാളെ തിരിച്ചറിഞ്ഞു. കണ്ണൂർ ചിറക്കൽ സ്വദേശിയായ യുവ എൻജിനീയർ കാർത്തിക്ക് രോഹനാണ് മരിച്ചത്. ചെന്നൈയിൽ എൻജിനീയറായി ജോലി ചെയ്തുവരികയായിരുന്ന ഇയാൾ മമ്പറം കേളാലൂരിലെ ഭാര്യവീട്ടിൽ സന്ദർശനത്തിനെത്തിയതായിരുന്നു. വ്യാഴാഴ്ച രാവിലെ 7:15-ഓടെയായിരുന്നു ദാരുണമായ സംഭവം നടന്നത്.

മമ്പറം കേളാലൂർ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു കാർത്തിക്ക് രോഹിൻ. ഈ സമയം കുളത്തിൽ കുളിച്ചുകൊണ്ടിരുന്ന മറ്റ് ആളുകളാണ് കാർത്തിക്ക് പെട്ടെന്ന് വെള്ളത്തിൽ മുങ്ങിത്താഴുന്നത് കണ്ടത്. ഉടൻ തന്നെ ഒപ്പമുണ്ടായിരുന്നവർ കൂത്തുപറമ്പ് ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു.വിവരമറിഞ്ഞ് സ്റ്റേഷൻ ഓഫീസർ പി. ഷനിത്തിന്റെ നേതൃത്വത്തിൽ സ്കൂബ ടീം ഉൾപ്പെടെയുള്ള ഫയർഫോഴ്സ് സംഘം അടിയന്തരമായി സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു.കുളത്തിൽ നിന്ന് കാർത്തിക്കിനെ വേഗത്തിൽ കരയ്ക്ക് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.


















