എഞ്ചിനീയറിങ്, ഫാർമസി എന്‍ട്രന്‍സ് പരീക്ഷ ഫലം പ്രഖ്യാപിച്ചു

Oct 7, 2021

തിരുവനന്തപുരം: കേരള എഞ്ചിനീയറിങ്, ഫാർമസി, ആർകിടെക്‌ചർ പ്രവേശനത്തിനുള്ള എന്‍ട്രന്‍സ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. തൃശൂർ വടക്കാഞ്ചേരി സ്വദേശി ഫയിസ് ഹാഷിം ഒന്നാം റാങ്ക് കരസ്ഥമാക്കി. കോട്ടയം പൂവക്കുളം സ്വദേശി ഹരിശങ്കർ എം രണ്ടാം റാങ്കും കൊല്ലം സ്വദേശി നയൻ കിഷോർ നായർ മൂന്നാം റാങ്കും നേടി.

റാങ്ക് പട്ടികയിൽ ഇടംപിടിച്ച ആദ്യ അഞ്ച് പേരും ആൺകുട്ടികളാണ്. എസ്‌.സി വിഭാഗത്തിൽ തൃശൂർ സ്വദേശി അമ്മു ഒന്നാം റാങ്കും മലപ്പുറം സ്വദേശി അക്ഷയ് നാരായണൻ രണ്ടാം റാങ്കും കരസ്ഥമാക്കയപ്പോൾ എസ്.ടി വിഭാഗത്തിൽ ജോനാഥൻ ഡാനിയേൽ ഒന്നാം റാങ്കും ശബരിനാഥ് രണ്ടാം റാങ്കും നേടി.

വാര്‍ത്താസമ്മേളനത്തില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവാണ് ഫലപ്രഖ്യാപനം നടത്തിയത്. ഫാർമസി വിഭാഗത്തിൽ ഫാരിസ് തൃശൂർ സ്വദേശി അബ്‌ദുൽ നാസർ ഒന്നാം റാങ്കും തേജസ്വിനി വിനോദ് രണ്ടാം റാങ്കും നേടി. ആർകിടെക്‌ചർ പരീക്ഷയിൽ ഒന്നാം റാങ്ക് കണ്ണൂരിലെ തേജസ് ജോസഫിനും രണ്ടാം റാങ്ക് അമ്രീൻ കല്ലായിക്കുമാണ്.

എഞ്ചിനീയറിങ് കീം പരീക്ഷ റാങ്ക് പട്ടികയിൽ ഇടംനേടിയ ആദ്യ നൂറ് പേരിൽ 22 പേർ പെൺകുട്ടികളും 78 പേർ ആൺകുട്ടികളുമാണ്. ഇതിൽ 64 പേർ ആദ്യമായി പരീക്ഷയെഴുതിയവരാണ്. എറണാകുളം-21, തിരുവനന്തപുരം-17, കോഴിക്കോട്-11 എന്നിങ്ങനെയാണ് ആദ്യ നൂറ് പേരിൽ ഇടംപിടിച്ചത്.

സംസ്ഥാനത്തിന് അകത്തും പുറത്തുമായി 418 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. 73,977 കുട്ടികൾ എഞ്ചിനിയറിങ് പരീക്ഷ എഴുതി. ഇവരിൽ യോഗ്യത നേടിയത് 51031 പേരാണ്. റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും മുമ്പ് തന്നെ വിദ്യാര്‍ഥികളുടെ സ്കോര്‍ അനുസരിച്ചുള്ള ഓപ്ഷന്‍ രജിസ്ട്രേഷന്‍ തുടങ്ങിയിരുന്നു. സിബിഎസ്‌ഇ ഇപ്രൂവ്മെന്‍റ് പരീക്ഷ എഴുതിയവര്‍ക്ക് കൂടി അപേക്ഷിക്കാന്‍ അവസരം നല്‍കണമെന്ന കോടതി ഉത്തരവ് മൂലം പട്ടിക പ്രസിദ്ധീകരിക്കാന്‍ വൈകിയെന്നായിരുന്നു എന്‍ട്രന്‍സ് കമ്മീഷണറുടെ വിശദീകരണം.

എഞ്ചിനീയറിങ് പ്രവേശനപരീക്ഷയിലെ ഓരോ പേപ്പറിലും പത്ത് മാര്‍ക്കുവീതം ലഭിച്ചവര്‍ക്കാണ് എഞ്ചിനീയറിങ് റാങ്ക് പട്ടികയില്‍ സ്ഥാനംനേടാന്‍ അര്‍ഹത. അതേസമയം ഫാര്‍മസി പ്രവേശനപരീക്ഷയില്‍ ലഭിച്ച സ്‌കോറിന്‍റെ അടിസ്ഥാനത്തില്‍ പ്രോസ്പെക്‌ടസ് വ്യവസ്ഥ പ്രകാരം കണക്കാക്കുന്ന ഇന്‍ഡക്‌സ് മാര്‍ക്ക് പത്ത് എങ്കിലും ലഭിച്ചവര്‍ക്കാണ് ഫാര്‍മസി റാങ്ക് പട്ടികയില്‍ സ്ഥാനംനേടാന്‍ അര്‍ഹതയുള്ളത്. എന്നാൽ റാങ്ക് പട്ടികകളില്‍ സ്ഥാനംനേടാന്‍ പട്ടികവിഭാഗക്കാര്‍ക്ക് ഈ മിനിമം മാര്‍ക്ക് വ്യവസ്ഥയില്ല.

കേരള എഞ്ചിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷയുടെ സ്‌കോര്‍ ഇതിനോടകം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ സ്‌കോര്‍ പരിശോധിക്കാം.

LATEST NEWS