സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്താന്‍ ഹൈക്കോടതി അനുമതി

Nov 20, 2026

കൊച്ചി: മയില്‍പ്പീലി യം​ഗ് സ്‌കോളര്‍ഷിപ്പ് പരീക്ഷ കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. പരീക്ഷ നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കി. ജില്ലാ തല പരീക്ഷ നടത്താനാണ് അനുമതി. ഫലം പ്രസിദ്ധീകരിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ സംസ്ഥാന തല പരീക്ഷ നടത്തരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ചാണ് ജില്ലാ തല പരീക്ഷ നടത്താനുള്ള താല്‍ക്കാലിക അനുമതി നല്‍കിയത്.

ഞായറാഴ്ചയാണ് മയില്‍പ്പീലി ജില്ലാ തല പരീക്ഷ നടക്കുക. നേരത്തെ മയില്‍പ്പീലി യം​ഗ് സ്‌കോളര്‍ഷിപ്പ് പരീക്ഷ വിവാദമായതോടെ, പരീക്ഷ നടത്തിപ്പിനുള്ള അനുമതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഈ തീരുമാനത്തിനെതിരെ ദേശീയ അധ്യാപക പരിഷത്ത് ( എൻടിയു ) ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ബാലഗോകുലത്തിന്റെ മാസികയായ മയില്‍പ്പീലിയും ദേശീയ അധ്യാപക പരിഷത്തും സംയുക്തമായാണ് ‘യം​ഗ് സ്‌കോളര്‍ എക്‌സാം 2026’ എന്ന പേരില്‍ സ്‌കോളര്‍ഷിപ്പ് നടത്താന്‍ സര്‍ക്കാരിനോട് അനുമതി തേടിയത്. ഒക്ടോബര്‍ 12 ന് പൊതു വിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് ഡയറക്ടര്‍ പരീക്ഷയ്ക്ക് അനുമതി നല്‍കുകയും ചെയ്തിരുന്നു. വിദ്യാഭ്യാസ മന്ത്രി അറിയാതെയാണ് അനുമതി നല്‍കിയതെന്ന വിവരം പുറത്തുവന്നതോടെ പരീക്ഷ വിവാദമായി മാറി.

തുടര്‍ന്ന് നവംബര്‍ 14 ന് വിദ്യാഭ്യാസ മന്ത്രി ഇടപെട്ട് പരീക്ഷ റദ്ദാക്കുകയും, പൊതു വിദ്യാഭ്യാസ ഡയറക്ടറോട് അടിയന്തര റിപ്പോര്‍ട്ട് തേടുകയും ചെയ്തു. അനുമതി നല്‍കിയത് ഉദ്യോഗസ്ഥ തലത്തിലെ പിഴവ് ആണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. പരീക്ഷാ അനുമതി പിന്‍വലിച്ചതില്‍ നോട്ടീസോ കാരണം ബോധിപ്പിക്കലോ ഉണ്ടായിട്ടില്ലെന്ന് എൻടിയു കോടതിയെ അറിയിച്ചു. പരാതി ഉയര്‍ന്നപ്പോള്‍ അനുമതി പിന്‍വലിക്കുകയായിരുന്നുവെന്ന് സര്‍ക്കാര്‍ അറിയിച്ചു. ആദ്യം അനുമതി നല്‍കിയതല്ലേയെന്ന് ചോദിച്ച കോടതി, 22 ന് നടത്താനിരുന്ന പരീക്ഷ നടക്കട്ടെയെന്ന് ഉത്തരവിട്ടു.

LATEST NEWS