JEE, NEET,CUET 2026: ഇനി മുതൽ ആധാർ വിലാസം ആധാരമാക്കി പരീക്ഷാകേന്ദ്രം

Oct 10, 2025

ദേശീയതല പ്രവേശന പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രങ്ങൾ നിർണ്ണയിക്കുന്ന രീതി മാറ്റുന്നതിനായി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ‌ടി‌എ) പരീക്ഷാ കേന്ദ്രം അനുവദിക്കുന്നതിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ പ്രഖ്യാപിച്ചു.

2026-27 അക്കാദമിക് സെഷൻ മുതൽ, ജെഇഇ മെയിൻ, നീറ്റ്-യുജി, സിയുഇടി-യുജി തുടങ്ങിയ പരീക്ഷകൾക്ക് എഴുതുന്ന പരീക്ഷാർത്ഥികൾക്ക് ഇനി അവരുടെ ഇഷ്ടപ്പെട്ട പരീക്ഷാ നഗരങ്ങൾ തെരഞ്ഞെടുക്കാൻ കഴിയില്ല.

ഇതുവരെ വിദ്യാർത്ഥികൾക്ക് തങ്ങൾക്ക് ഇഷ്ടപ്പെട്ട നഗരങ്ങളിൽ പരീക്ഷ എഴുതാൻ ചോയ്സ് നൽകാമായിരുന്നു. എന്നാൽ, ഇനി മുതൽ പരീക്ഷാർത്ഥിയുടെ ആധാർ കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കുക എന്ന് എൻടിഎ അറിയിച്ചു.

വിലാസാധിഷ്ഠിത പരീക്ഷാ കേന്ദ്രം
പരീക്ഷാകേന്ദ്രങ്ങൾ സംബന്ധിച്ച പുതിയ തീരുമാനം, സുതാര്യത വർദ്ധിപ്പിക്കുന്നതിനും ദുരുപയോഗം തടയുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്.

ആൾമാറാട്ടവും വഞ്ചനയും തടയുന്നതിനും നീതിപൂർവകമായ പരീക്ഷാ അന്തരീക്ഷം ഉറപ്പാക്കുന്നതിനുമാണ് ഈ മാറ്റം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് എൻടിഎ വിശദീകരിച്ചു.

മുമ്പ്, അപേക്ഷകൾ പൂരിപ്പിക്കുമ്പോൾ വിദ്യാർത്ഥികൾക്ക് മൂന്നോ നാലോ നഗരങ്ങൾ തെരഞ്ഞെടുക്കാമായിരുന്നു.

പുതിയ സംവിധാനത്തിന് കീഴിൽ, ചെറിയ പട്ടണങ്ങളിൽ നിന്നും ഗ്രാമപ്രദേശങ്ങളിൽ നിന്നുമുള്ള പരീക്ഷാർത്ഥികൾക്ക് ആധാറിൽ രജിസ്റ്റർ ചെയ്ത വിലാസങ്ങൾക്ക് സമീപം കേന്ദ്രങ്ങൾ നൽകും, ഇത് എല്ലാ വിദ്യാർത്ഥികൾക്കും പരീക്ഷ എഴുതാൻ കൂടുൽ സഹായകരമാകും.

ആധാർ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യണം
സ്വന്തം സ്ഥലത്ത് നിന്ന് മാറി നിന്ന് പഠിക്കുന്ന വിദ്യാർത്ഥികളിൽ ഈ മാറ്റം ആശങ്ക ഉളവാക്കിയിട്ടുണ്ട്, കാരണം ആധാർ വിശദാംശങ്ങൾ മാറിയാൽ യാത്ര ബുദ്ധിമുട്ട് നേരിടേണ്ടി വരും.

അപേക്ഷാ കാലയളവിന് വളരെ മുമ്പുതന്നെ ആധാർ വിവരങ്ങൾ പരിശോധിച്ച് അപ്‌ഡേറ്റ് ചെയ്യണമെന്ന് എൻ‌ടി‌എ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു,

അപേക്ഷ സമർപ്പിച്ചുകഴിഞ്ഞാൽ ഇതിൽ ഒരു മാറ്റവും അനുവദിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കുന്നത് സംബന്ധിച്ച് പുതുക്കിയ നയം 2026 ജനുവരിയിലെ ജെഇഇ മെയിൻ സെഷനിൽ പ്രാബല്യത്തിൽ വരും, അതിനുശേഷം നടക്കുന്ന മറ്റ് പരീക്ഷകൾക്കും ഇത് ബാധകമാകും.

വിലാസം അടിസ്ഥാനമാക്കിയുള്ള പരീക്ഷാ കേന്ദ്രം അനുവദിക്കുന്നതിനൊപ്പം, കൺഫർമേഷൻ പ്രക്രിയയും എൻടിഎ കർശനമാക്കിയിട്ടുണ്ട്.

പരീക്ഷാർത്ഥികളുടെ പേര്, ജനന തീയതി, ആധാർ കാർഡിലെ മറ്റ് വ്യക്തിഗത വിവരങ്ങൾ എന്നിവ അവരുടെ പത്താം ക്ലാസ് സർട്ടിഫിക്കറ്റിൽ ഉള്ളതുപോലെയാകണം.

ചെറിയ പൊരുത്തക്കേടുകളോ അക്ഷരത്തെറ്റുകളോ പോലും അപേക്ഷ റദ്ദാക്കുന്നതിലേക്ക് നയിച്ചേക്കാം. അതിനാൽ ഇത് തമ്മിൽ പരിശോധിച്ച് ഇതിൽ ഏതെങ്കിലും തിരുത്ത് ആവശ്യമാണെങ്കിൽ ഉടനടി പരിഹരിക്കാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു.

കാറ്റഗറി സർട്ടിഫിക്കറ്റുകൾ
എസ്‌സി, എസ്ടി, ഒബിസി, ഇഡബ്ല്യുഎസ്, പിഡബ്ല്യുഡി വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾ അവരുടെ കാറ്റഗറി സർട്ടിഫിക്കറ്റുകൾ ആധാർ, ക്ലാസ് 10 രേഖകൾ എന്നിവയുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഏതെങ്കിലും പൊരുത്തക്കേട് സംവരണത്തിനുള്ള അയോഗ്യതയിലേക്കോ നിരസിക്കലിലേക്കോ നയിച്ചേക്കാം.

പരീക്ഷാ പ്രക്രിയ സുഗമമാക്കുന്നതിനും പരീക്ഷാർത്ഥി പരിശോധനയിൽ നീതി പുലർത്തുന്നതിനും വേണ്ടിയുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമെന്നാണ് ഈ മാറ്റങ്ങളെ എൻടിഎവിശേഷിപ്പിച്ചത്. രേഖകൾ തമ്മിൽ പൊരുത്തക്കേടുണ്ടായാൽ പരീക്ഷ എഴുതാനുള്ള അവരുടെ സാധ്യത ഇല്ലാതാക്കുമെന്ന് എൻടിഎ മുന്നറിയിപ്പ് നൽകുന്നു.

LATEST NEWS