ന്യൂഡല്‍ഹി: 2000 രൂപ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള സമയപരിധി റിസര്‍വ് ബാങ്ക് നീട്ടി. മുന്‍ തീരുമാനപ്രകാരമുള്ള കാലാവധി ഇന്ന് തീരാനിരിക്കേ, 2000 രൂപ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള സമയപരിധി ഒക്ടോബര്‍ ഏഴ് വരെയാണ് റിസര്‍വ് ബാങ്ക് നീട്ടിയത്. മെയ് 19 നാണ് 2000 രൂപയുടെ കറന്‍സി പിന്‍വലിക്കുന്നതായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്.
വിനിമയത്തിലുള്ള 2000 രൂപ നോട്ടുകളില്‍ 93 ശതമാനവും തിരിച്ചെത്തിയെന്നാണ് ഈ മാസം ആദ്യം റിസര്‍വ് ബാങ്ക് വ്യക്തമാക്കിയത്. മെയ് 23 മുതലായിരുന്നു കറന്‍സി മാറ്റിയെടുക്കാന്‍ അവസരം നല്‍കിയത്.സെപ്റ്റംബര്‍ 30നകം കൈവശമുള്ള 2000 രൂപ നോട്ടുകള്‍ മുഴുവനായി മടക്കി നല്‍കണമെന്നതായിരുന്നു റിസര്‍വ് ബാങ്കിന്റെ അഭ്യര്‍ഥന. അതിനിടെ നോട്ടിന്റെ നിയമപ്രാബല്യം തുടരുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നു.
നോട്ട് നിക്ഷേപിക്കുന്നതിനും മാറ്റിയെടുക്കുന്നതിനും ബാങ്കുകളില്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒരേ സമയം 20,000 രൂപ വരെ മൂല്യമുള്ള 2000 രൂപയുടെ പത്തു നോട്ടുകള്‍ വരെ മാറ്റിയെടുക്കാനുള്ള സംവിധാനമാണ് ബാങ്കുകളില്‍ ഉള്ളത്. അക്കൗണ്ട് ഇല്ലാത്ത ബാങ്കുകളിലും വ്യക്തികള്‍ക്ക് നോട്ടുകള്‍ മാറിയെടുക്കാം. 500, ആയിരം രൂപ നോട്ടുകള്‍ നിരോധിച്ചതിന് പിന്നാലെ 2016ലാണ് 2000 രൂപ നോട്ട് അവതരിപ്പിച്ചത്.