കടുത്ത ചൂട്: ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ സമയങ്ങളില്‍ മാറ്റം, ലംഘിച്ചാല്‍ കടുത്ത ശിക്ഷ

Jun 1, 2026

ദോഹ/മനാമ: കടുത്ത ചൂടില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പുറംജോലികള്‍ക്ക് നിയന്ത്രണവുമായി തൊഴില്‍ മന്ത്രാലയം. ഖത്തറില്‍ കടുത്ത ചൂടിനെ തുടര്‍ന്ന് ഇന്ന് മുതല്‍ രാവിലെ 10 മുതല്‍ ഉച്ചതിരിഞ്ഞ് മൂന്നര വരെ പുറംജോലികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. സെപ്തംബര്‍ പതിനഞ്ചു വരെ തുടരുന്ന ഉച്ചവിശ്രമ നിയമം നാളെ മുതല്‍ പ്രാബല്യത്തിലകും.

വേനല്‍ക്കാലത്ത് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആരോഗ്യപ്രശ്‌നങ്ങള്‍ തടയുന്നതിനുമായാണ് ഉച്ചസമയത്തെ ജോലി വിലക്ക് ഏര്‍പ്പെടുത്തുന്നത്. ഉച്ച നേരത്തെ ഖബറടക്ക ചടങ്ങുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചടങ്ങുകള്‍ രാവിലെ എട്ടു മണിക്ക് മുമ്പും സൂര്യാസ്തമയത്തിന് ശേഷവും മാത്രം നടത്തണമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം നിര്‍ദേശിച്ചു.

നിയമം കര്‍ശനമായി പാലിക്കണമെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ ഉത്തരവ്. നിയമലംഘനം നടത്തുന്ന കമ്പനികള്‍ക്കെതിരെ അടച്ചുപൂട്ടല്‍, ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ക്കായി ആരോഗ്യ ബോധവല്‍ക്കരണ ക്യാംപയിനുകളും ആരംഭിക്കും.

ബഹ്റൈനില്‍ തുറസ്സായ സ്ഥലങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തൊഴിലാളികള്‍ക്ക് ഉച്ചസമയത്ത് ജോലി നിയന്ത്രണമേര്‍പ്പെടുത്താനുള്ള മന്ത്രിതല തീരുമാനം തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചു. ജൂണ്‍ 15 മുതല്‍ ഓഗസ്റ്റ് 31 വരെ ഉച്ചക്ക് 12 മുതല്‍ നാലു മണിവരെയാണ് നിയന്ത്രണം. നിയമലംഘകര്‍ക്ക് മൂന്ന് മാസം വരെ തടവോ 500 മുതല്‍ 1,000 ദിനാര്‍ വരെയുള്ള പിഴയോ രണ്ടും കൂടിയോ ശിക്ഷ ചുമത്തുമെന്നാണ് മുന്നറിയിപ്പ്.

സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ തൊഴില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായും സൂപ്പര്‍വൈസര്‍മാരുമായും ബോധവത്ക്കരണ വര്‍ക്ക്‌ഷോപ്പുകള്‍ നടത്തുക, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി ലഘുലേഖകള്‍ പ്രസിദ്ധീകരിക്കുക എന്നിവയുള്‍പ്പെടെ നിരോധനം നടപ്പിലാക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും തൊഴില്‍ മന്ത്രാലയം നിര്‍വഹിക്കുന്നുണ്ട്. താപ സമ്മര്‍ദ്ദത്തിന്റെയും ഉച്ചസമയത്തെ സൂര്യപ്രകാശത്തിന്റെയും അപകടസാധ്യതകളെക്കുറിച്ച് തൊഴിലാളികളെ അറിയിക്കുക എന്നതാണ് ലക്ഷ്യം. ആഴ്ചയിലുടനീളം രാവിലെ 7 മുതല്‍ വൈകുന്നേരം 4 വരെ റിപ്പോര്‍ട്ടുകള്‍ക്കും അന്വേഷണങ്ങള്‍ക്കുമായി മന്ത്രാലയം 17873921 എന്ന ഹോട്ട്‌ലൈന്‍ അനുവദിച്ചിട്ടുണ്ട്. ജോലി നിരോധന കാലയളവില്‍ അതേ നമ്പറില്‍ വാട്ട്‌സ്ആപ്പ് വഴി നിയമലംഘനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാനും കഴിയും.

ഒമാനില്‍ കൊടും ചൂടില്‍ നിന്നും തൊഴിലാളികള്‍ക്ക് സംരക്ഷണമൊരുക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഉച്ച വിശ്രമ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. തൊഴിലാളികളെ കടുത്ത ചൂടില്‍ നിന്ന് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഉച്ചയ്ക്ക് 12:30 മുതല്‍ 3:00 മണി വരെ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്ന തരത്തിലുള്ള ജോലികള്‍ തൊഴിലാളികള്‍ ചെയ്യാന്‍ പാടില്ല. ഈ സമയത്ത് തൊഴിലാളികളെ ജോലിയെടുപ്പിക്കുന്നത് തൊഴിലാളികളോടുള്ള അവകാശ ലംഘനമാണെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉച്ച വിശ്രമ നിയമം ലംഘിച്ചാല്‍ 500 റിയാല്‍ മുതല്‍ 1000 റിയാല്‍ വരെ പിഴയും ഒരു വര്‍ഷം വരെ തടവുമാണ് ശിക്ഷ. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴയും ഇരട്ടിയാകും.

cake tower new
LATEST NEWS