മലപ്പുറം:ഫെയ്സ് ക്രീം ഉപയോഗിച്ചതിനെ തുടര്‍ന്ന് ഗുരുതരമായ വൃക്കരോഗം ബാധിച്ചതായി പ്രമുഖ ഗായകന് സലീം കോടത്തൂര്‍. ഫെയര്‍നെസ് ക്രീം ഉപയോഗിച്ച താനും മെംമ്പ്രനസ് നെഫ്രോപ്പതിക്ക് ഇരയായി. 17കാരിക്കുണ്ടായ അതേ രോഗാവസ്ഥ തനിക്കുണ്ടായി. താന്‍ ഉപയോഗിച്ചുകൊണ്ടിരുന്ന അതെ ക്രീം തന്നെയാണ് ഇപ്പോള്‍ പല പേരുകളിലായി വിപണികളില്‍ ലഭിക്കുന്നത്. യുഎഇയില്‍ അടക്കം ഈ ഫെയ്സ് ക്രീം ആളുകള്‍ വില്‍ക്കുന്നുണ്ട് സലീം കോടത്തൂര്‍ പറഞ്ഞു.
കാസര്‍കോടുള്ള ഒരു സുഹൃത്ത് നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് ക്രീം ഉപയോഗിച്ചുതുടങ്ങിയത്. ഉപയോഗിച്ച് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിറം വര്‍ധിക്കുന്ന രീതിയിലുള്ള ഫലം ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉടലെടുക്കുകയും ശരീരത്തിന്റെ പ്രതിരോധശേഷി പൂര്‍ണമായും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവുകയും ചെയ്തു.
യൂറിനറി ഇന്‍ഫെക്ഷനും കാലിലും കണ്ണിലും നീര് വരുന്ന സാഹചര്യമുണ്ടായി. മാസങ്ങളോളം ചികിത്സ നടത്തിയിട്ടും രോഗകാരണം കണ്ടെത്താന്‍ കഴിഞ്ഞില്ല. കാസര്‍കോടുള്ള തന്റെ ഒരു സുഹൃത്താണ് അദ്ദേഹത്തിന്റെ ഡോക്ടറോട് ഫെയ്സ് ക്രീം ഉപയോഗിക്കുന്നുണ്ടെന്ന് പറഞ്ഞത് അപ്പോഴാണ് തിരിച്ചറിഞ്ഞത് ഇതില്‍ മെര്‍ക്കുറിയുടെ അളവ് കൂടുതല്‍ ആണെന്നും. അങ്ങനെയാണ് തന്റെ ഡോക്ടറോട് ഇക്കാര്യം പറയുന്നതും രോഗം കണ്ടെത്തുന്നതും. രോഗം എന്താണെന്ന് തിരിച്ചറിയുന്നതിനായി ശരീരത്തില്‍ നടത്താത്ത പരിശോധനകള്‍ ഒന്നുമില്ലായിരുന്നുവെന്നും മാസങ്ങളോളം നീണ്ട ചികിത്സയ്ക്കും പരിശോധനകള്‍ക്കും ശേഷമാണ് രോഗകാരണം പോലും കണ്ടെത്താനായതെന്നും സലീം കോടത്തൂര്‍ വ്യക്തമാക്കി.



















