കൊല്ലത്ത് കുടുംബവഴക്കിനെ തുടർന്ന് രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ തൂങ്ങി മരിച്ചു

Jan 12, 2024

കൊല്ലത്ത് കുടുംബവഴക്കിനെ തുടർന്ന് രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ തൂങ്ങി മരിച്ചു. പട്ടത്താനത്ത് ചെമ്പകശ്ശേരിയിൽ ജവഹർനഗർ 81 ൽ
ജോസ് പ്രമോദ് (41), മകൻ ദേവനാരായണൻ (9), മകൾ ദേവനന്ദ (4) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടിലെ സ്റ്റെയർകെയ്സിൽ കെട്ടിത്തൂക്കിയ നിലയിലായിരുന്നു കുട്ടികളുടെ മൃതദേഹം. കുടുംബ പ്രശ്നത്തെ തുടർന്നാണ് ജോസ് പ്രമോദ് മക്കളെ കൊന്ന് ജീവനൊടുക്കിയതെന്നാണ് പൊലീസ് കരുതുന്നത്.

പ്രമോദും ഭാര്യ ഡോ. ലക്ഷ്മിയും തമ്മിൽ കുറച്ച് നാളായി അകൽച്ചയിലായിരുന്നു. പിജി പഠനത്തിന് തയ്യാറെടുക്കാനായി ലക്ഷ്മി തൊട്ടടുത്തുള്ള എസ്എൻ വി സദനത്തിൽ താമസിച്ചാണ് പഠനം നടത്തുന്നത്. ഏറെ നാളായി ഇവർക്ക് വീടുമായി വലിയ അടുപ്പമുണ്ടായിരുന്നില്ല. ഒൻപതാം ക്ലാസ് മുതലുള്ള പ്രണയത്തിന് ശേഷമാണ് പ്രമോദ് ജോസും ലക്ഷ്മിയും വിവാഹം കഴിക്കുന്നത്. ഓട്ടോ ഡ്രൈവറയാരുന്ന പ്രമോദ് പിന്നീട് ഗള്‍ഫിൽ ജോലി തേടി പോയി. എന്നാൽ എട്ട് വർഷത്തോളമായി പ്രമോദ് ജോലിക്കൊന്നും പോയിരുന്നില്ല.

താൻ ആത്മഹത്യ ചെയ്യുകയാണെന്നു പറഞ്ഞ് പ്രമോദ് തന്‍റെ മൂത്ത സഹോദരനും ഭാര്യ ലക്ഷ്മിക്കും വാട്ട്സ് ആപ്പിൽ മെസേജ് അയച്ചിരുന്നു. അർദ്ധരാത്രിയോടെയാണ് മെസേജ് ലഭിച്ചത്. എന്നാൽ ഇരുവരും സന്ദേശം രാവിലെയാണ് കാണുന്നത്. മെസേജ് കണ്ട് ലക്ഷ്മി വിവരം തന്‍റെ അമ്മയെ വിളിച്ചറിയിച്ചു. തുടർന്ന് ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴാണ് മൂന്ന് പേരുടെയും മരണം പുറത്തറിയുന്നത്. രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം പ്രമോദ് കിടപ്പുമുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ മരണത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.

LATEST NEWS