തെലുങ്ക് സിനിമയില്‍ ഏറെ ആരാധകരുള്ള താരമാണ് അല്ലു അര്‍ജുന്‍. ആഗോള ശ്രദ്ധ നേടിയ ‘പുഷ്പ’ യുടെ റിലീസിന് പിന്നാലെ താരത്തിന്റെ ജനപ്രീതിയും കുതിച്ചുയര്‍ന്നിരുന്നു. ഇപ്പോഴിതാ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു ആരാധകന്‍ ഇഷ്ടതാരത്തെ കാണാന്‍ സൈക്കിളില്‍ 1600 കി.മീ യാത്ര ചെയ്ത് ഹൈദരാബാദിലെത്തിയ വാര്‍ത്ത സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
തന്നെ കാണാന്‍ അലിഗഢില്‍ നിന്ന് 1,600 കിലോമീറ്ററിലധികം സഞ്ചരിച്ചെത്തിയ ആരാധകനെ അല്ലു അര്‍ജുന്‍ സ്വീകരിക്കുകയും ഏറെ നേരം സംസാരിക്കുകയും ചെയ്തു. സോഷ്യല്‍മീഡിയയിലൂടെ ആരാധകനെ കുറിച്ചറിഞ്ഞ താരം ആരാധകനെ നേരിട്ട് കാണണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.
തന്നെ ഇഷ്ടപ്പെടുന്ന ആരാധകന്റെ സൈക്കിളിലേറിയുള്ള ഈ ദീര്‍ഘ യാത്രയെക്കുറിച്ച് അറിഞ്ഞപ്പോള്‍ അല്ലു അര്‍ജുന്‍ വികാരാധീനനായെന്ന് മാത്രമല്ല ആരാധകന് സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങാന്‍ ഒരു വിമാന ടിക്കറ്റും വാഗ്ദാനം ചെയ്തു. കൂടാതെ ആരാധകന്റെ സൈക്കിള്‍ ബസില്‍ വീട്ടിലേക്ക് അയയ്ക്കാനും വേണ്ട സജ്ജീകരണങ്ങളും താരം ചെയ്തു.
അല്ലു അര്‍ജുനും ആരാധകനും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വിഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. തന്റെ പുതിയ ചിത്രമായ പുഷ്പ 2ന്റെ പ്രമോഷന്റെ ഭാഗമായി ഉത്തര്‍പ്രദേശ് സന്ദര്‍ശിക്കുമ്പോള്‍ അദ്ദേഹത്തെ വീണ്ടും കാണാമെന്ന ഉറപ്പുനല്‍കിയാണ് അല്ലു അര്‍ജുന്‍ ആരാധകനെ യാത്രയാക്കുകയുണ്ടായത്.