കര്‍ഷകര്‍ക്കുള്ള ധനസഹായ വിതരണം; എയിംസ് പോര്‍ട്ടല്‍ ലോഗിന്‍ ചെയ്യാന്‍ ഇനി മൊബൈല്‍ ഒടിപി നിര്‍ബന്ധം

Jul 30, 2024

seena

തിരുവനന്തപുരം: കൃഷി വകുപ്പിന്റെ വിവിധ പദ്ധതി നടത്തിപ്പുകള്‍ക്കായും ധനസഹായ വിതരണത്തിനായും നിലവില്‍ വന്ന കര്‍ഷക റെജിസ്ട്രേഷന്‍ പോര്‍ട്ടലായ എയിംസ് പോര്‍ട്ടലില്‍ ലോഗിന്‍ നടപടികളില്‍ ഡിജിറ്റല്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പ്രകാരം ടു ഫാക്ടര്‍ ഓതന്റിക്കേഷന്‍ നിലവില്‍ വന്നു. ഇനിമുതല്‍ എയിംസ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുന്നതിന് യൂസര്‍ ഐഡി, പാസ് വേർഡ് എന്നിവയ്ക്ക് പുറമേ കര്‍ഷകരുടെ മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ഒടിപി കൂടി നല്‍കണം. പോര്‍ട്ടലില്‍ ലഭ്യമായ കര്‍ഷകരുടെ വിവരങ്ങള്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് ടു ഫാക്ടര്‍ ഓതന്റിക്കേഷന്‍ നടപടികള്‍ ചെയ്തിട്ടുള്ളത്.

കര്‍ഷകരുടെ പേര്, വിലാസം, കൃഷി, കൃഷിഭൂമിയുടെ വിവരങ്ങള്‍, ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവയ്ക്ക് പുറമേ ആനുകൂല്യം ലഭിക്കേണ്ട ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ അപേക്ഷയുടെ ഭാഗമായി കര്‍ഷകര്‍ പോര്‍ട്ടലിലേക്ക് നല്‍കുന്നുണ്ട്. വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ലോഗിന്‍ രീതിയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളത്.

എയിംസ് പോര്‍ട്ടലില്‍ യൂസര്‍ ഐഡി, പാസ്സ്വേര്‍ഡ് എന്നിവ നല്‍കി ലോഗിന്‍ ചെയ്യുമ്പോള്‍ കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറിലേക്ക് ഒടിപി ലഭിക്കും. ഒടിപി ലഭിക്കാത്ത കര്‍ഷകര്‍ക്ക് ഒരു മിനിറ്റിനു ശേഷം വീണ്ടും പോര്‍ട്ടലില്‍ നിന്നും ഒടിപി ജനറേറ്റ് ചെയ്യാവുന്നതാണ്. നെറ്റ്വര്‍ക്ക് ബുദ്ധിമുട്ടുകള്‍ കാരണം എസ് എം എസ് ലഭിക്കാത്ത സ്ഥലങ്ങളില്‍ ഒടിപി ലഭിക്കുന്നതിന് സന്ദേശ് (SANDES) മൊബൈല്‍ ആപ്ലിക്കേഷന്‍ കര്‍ഷകര്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. സന്ദേശ് മൊബൈല്‍ ആപ്ലിക്കേഷന്‍ ആപ്പ് സ്റ്റോറിലും പ്ലേ സ്റ്റോറിലും ലഭ്യമാണ്. കേരള പൊലീസിന്റെ സൈബര്‍ ഓപ്പറേഷന്‍ വിംഗിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളതെന്ന് കൃഷി ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2303990, 2309122, 2968122 എന്നി ഫോണ്‍ നമ്പറുകളില്‍ വിളിക്കുക.

cake tower new
LATEST NEWS